പ്രണയദിനത്തിൽ കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിൽ പ്രിയപ്പെട്ടവർക്കൊപ്പം സെൽഫിയെടുക്കൂ; ആകർഷകമായ സമ്മാനങ്ങൾ നിങ്ങളെ തേടിയെത്തും !!!
സെൽഫി കോണ്ടസ്റ്റിലൂടെ തെരഞ്ഞെടുക്കുന്ന 21 പേർക്ക് കെഎസ്ആർടിസി സമ്മാനം നൽകും.
തിരുവനന്തപുരം: മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്ക് കെഎസ്ആർടിസിക്കൊപ്പം സെൽഫിയെടുത്ത് പ്രണയദിനം ആഘോഷിക്കാം. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസിൽ യാത്ര ചെയ്തുള്ള ചിത്രങ്ങൾ കെഎസ്ആർടിസിക്ക് വാട്സാപ്പിലൂടെ അയക്കണം. സെൽഫി കോണ്ടസ്റ്റിലൂടെ തെരഞ്ഞെടുക്കുന്ന 21 പേർക്ക് കെഎസ്ആർടിസി സമ്മാനം നൽകും. ചിത്രങ്ങൾ, പേര്, ഫോൺ നമ്പർ, വിലാസം എന്നിവയടക്കം കെഎസ്ആർടിസിക്ക് വാട്സാപ്പിലൂടെ അയക്കണം. 8129562972 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.
തലസ്ഥാന നഗരത്തിലെ സിറ്റി സർക്കുലർ സർവീസിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വ്യത്യസ്തതയാർന്ന പരിപാടികൾ സംഘടിപ്പിക്കുകയാണ് കെഎസ്ആർടിസി. ഇതിന്റെ ഭാഗമായാണ് പ്രണയദിനത്തിൽ സെൽഫി കോണ്ടസ്റ്റ് നടത്തുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട ഏഴ് റൂട്ടുകൾ കേന്ദ്രീകരിച്ചാണ് സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മാർക്കറ്റുകൾ, പ്രധാനപ്പെട്ട സംസ്ഥാന-കേന്ദ്ര ഓഫീസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും.
മത്സരത്തിനുള്ള ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി വരെ ലഭിക്കുന്ന ചിത്രങ്ങൾ മത്സരത്തിനായി പരിഗണിക്കും. സിറ്റി സർക്കുലർ സർവീസിൽ നിന്നുള്ള ഒറ്റയ്ക്കോ അല്ലാതെയോ ഉള്ള ചിത്രങ്ങൾ കെഎസ്ആർടിസിയുടെ വാട്സാപ്പിലേക്ക് അയക്കാം. തെരഞ്ഞെടുക്കപ്പെടുന്ന 21 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. പ്രിയപ്പെട്ടവർക്കൊപ്പം പ്രണയദിനത്തിൽ കെഎസ്ആർടിസിക്കൊപ്പം ചിലവഴിച്ച് സെൽഫി കോണ്ടസ്റ്റിലൂടെ ആകർഷകമായ സമ്മാനം നേടാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽകുമാർ പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടർന്ന് പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ ആദ്യഘട്ടത്തിൽ കുറവ് വന്നിരുന്നു. എന്നാൽ, പുതിയ സാധ്യതകൾ മനസ്സിലാക്കി ഗതാഗതമന്ത്രി ആൻ്റണി രാജുവിൻ്റെയും കെഎസ്ആർടിസി സി.എം.ഡി ബിജുപ്രഭാകറിൻ്റെയും നേതൃത്വത്തിൽ സിറ്റി സർക്കുലർ, സിറ്റി റേഡിയൽ സർവീസുകൾ ആരംഭിച്ചതോടെയാണ് കൂടുതൽ യാത്രക്കാർ വീണ്ടും കെഎസ്ആർടിസിയിലേക്ക് വന്ന് തുടങ്ങിയത്. നിലവിൽ പ്രതിദിനം ഇരുപതിനായിരത്തോളം യാത്രക്കാർ സിറ്റി സർക്കുലർ ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്. മികച്ച കളക്ഷനും ഈയിനത്തിൽ കോർപ്പറേഷന് ലഭിക്കുന്നുണ്ട്. ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരെ കൂടുതൽ ആകർഷിക്കാനാണ് നവീന ആശയങ്ങളുമായി കെ.എസ്.ആർ.ടി.സി വ്യത്യസ്തമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...