വൈക്കം പ്രക്ഷോഭത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്നത് സമരവീരന്മാരെ ആദരിക്കുന്നതിനുവേണ്ടി മാത്രമല്ല അവർ സ്വപ്‌നം കണ്ട സമൂഹത്തിലെ സമത്വം സൃഷ്ടിക്കാനുള്ള നമ്മുടെ കടമയെ ഓർമ്മിപ്പിക്കാൻ കൂടിയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പരിപാടിയും സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ പല സാമൂഹ്യ പോരാട്ടങ്ങളുടെയും നാന്ദി കുറിച്ച സമരമായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കം ഒറ്റപ്പെട്ട വിജയം അല്ല, പിന്നീടുള്ള വിജയങ്ങളുടെ തുടക്കമായിരുന്നു അത്. എല്ലാ മേഖലകളിലും തുടർച്ചയായ വിജയങ്ങൾ നേടാൻ നമുക്ക് ഉറച്ചു നിൽക്കാം. എന്തു തടസ്സങ്ങൾ വന്നാലും നമ്മൾ അവയെ തകർക്കും. എന്തു വില കൊടുത്തും ഒരു സമത്വ സമൂഹം സ്ഥാപിക്കും.


കേരളം വിദ്യാഭ്യാസത്തിലും, രാഷ്ട്രീയ, സാമൂഹിക അവബോധത്തിലും മുന്നിലുള്ള സംസ്ഥാനമാണ്. ഇങ്ങനെയുള്ള മണ്ണിൽ സാമൂഹിക, രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ അടയാളമായി വൈക്കം സ്‌മാരകം നിലകൊള്ളും. എല്ലാവർക്കും സമത്വം എന്നതാണ് തമിഴ്നാട് സർക്കാറിൻ്റെ ദ്രവീഡിയൻ മോഡൽ ഉൾക്കൊള്ളുന്നത്. തന്തൈ പെരിയാറിൻ്റെ ആത്മാഭിമാന പ്രസ്ഥാനവും ഇടപെടലുകളുമാണ് അതിൻ്റെ അടിത്തറ. വൈക്കം സത്യാഗ്രഹ സമരകാലത്ത് അറസ്റ്റിലായ കേരളത്തിലെ നേതാക്കളുടെ ക്ഷണമനുസരിച്ചാണ് തന്തൈ പെരിയാർ എന്ന ഇ വി രാമസ്വാമി നായ്ക്കർ കേരളത്തിലെത്തുന്നത്. ചടങ്ങു മാത്രമായ വരവായിരുന്നില്ല അത്. അദ്ദേഹം വൈക്കത്തെ ജനങ്ങളെ സംഘടിപ്പിച്ചു. സമരം നയിച്ചു. രണ്ട് തവണ അറസ്റ്റിലായി. അദ്ദേഹത്തിൻ്റെ ഇടപെടൽ മൂലമാണ് ഗാന്ധിജി തിരുവിതാംകൂർ റാണിയെ കാണുന്നതും. അദ്ദേഹത്തിൻ്റെ ഭാര്യ നാഗമ്മയും സഹോദരി കണ്ണമ്മയും സമരത്തിൻ്റെ ഭാഗമായി. ‌


Also Read: Kerala Rain Update: അതിതീവ്ര മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാ​ഗ്രത


 


അയിത്തജാതിക്കാർക്കായി പൊതുനിരത്ത് സഞ്ചാര സാധ്യമെന്നതായിരുന്നു വൈക്കം സത്യാഗ്രഹത്തിൻ്റെ ആശയം. ഈ സമര വിജയമാണ് രാജ്യത്ത് സാമൂഹ്യനീതിക്കായുള്ള മറ്റ് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചത്. അവകാശം ലംഘിച്ചവർ ഇന്നു നമ്മളെ സ്വീകരിച്ച് ആനയിക്കുന്നു. ഇതാണ് സത്യാഗ്രഹത്തിന്റെ മഹിമ. അക്രമ സമരം നടത്തിയിരുന്നെങ്കിൽ പോലും ഈ വിജയം ലഭിക്കുമായിരുന്നില്ല എന്ന് പെരിയാർ പറയുമായിരുന്നു.


സമത്വവും സാമൂഹ്യ നീതിയും എല്ലാവർക്കും വേണമെന്നതാണ് തമിഴ്നാടിൻ്റെ കാഴ്ചപ്പാട്. ഇന്ത്യയിലെ ഭരണ പാടവമുള്ള മുഖ്യമന്ത്രിയായ പിണറായി വിജയനും ഇതേ ആശയത്തെ പിൻതുടരുന്നു. അതിനാലാണ് വൈക്കത്ത് ഇത്തരമൊരു സ്മാരകമൊരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത്. അതിന് പിന്തുണച്ച കേരള സർക്കാരിനും ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നു. സാമൂഹ്യ നീതിയും സമത്വവും സ്വാഭിമാനവും നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും മാത്രം നടപ്പാക്കാൻ കഴിയുന്നതല്ല. നമ്മുടെ മനോഭാവവും മാറണം. തന്തൈ പെരിയാറും, ശ്രീ നാരായണ ഗുരുവും അംബേദ്ക്കറും അയ്യങ്കാളിയും എല്ലാവർക്കും എല്ലാം എന്ന തത്വം ഉൾക്കൊണ്ടു. സമത്വ സമൂഹം സ്ഥാപിക്കുകയെന്ന ആശയത്തിൽ തമിഴ്നാടും കേരളവും ഒന്നാണ്. ആ സഹകരണം തുടരുക തന്നെ ചെയ്യുമെന്നും സ്റ്റാലിൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.