പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും.പെരുന്നാട് നിന്ന് രാവിലെ  തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിച്ചു. നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവിതാംകൂർ രാജകുടുംബം അയ്യപ്പന് സമർപ്പിച്ച തങ്ക അങ്കി ചാർത്തിയുള്ള പൂജയാണ് ഈ ദിവസത്തെ പ്രത്യേകത. വർഷത്തിൽ ഒരിക്കൽ മാത്രമേ തങ്കയങ്കി ശബരിമല സന്നിധാനത്ത് കൊണ്ടുവരികയുള്ളൂ. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകീട്ട് ദീപാരാധനക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തൂ. മൂന്ന് ദിവസം മുന്പാണ് ആറൻമുള്ള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.


വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ തുടങ്ങിയവർ ചേർന്ന് പതിനെട്ടാംപടിക്കു മുകളിലായി കൊടിമരത്തിന് ചുവട്ടിൽ തങ്കയങ്കിയെ സ്വീകരിക്കും. 6.35 ന് ആണ് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന. 


രാത്രി നട അടക്കും വരെ ദർശനത്തിന് എത്തുന്നവർക്ക് തങ്കയങ്കി ചാർത്തിയ അയ്യപ്പ വിഗ്രഹം കാണാം. നാളെ ഉച്ചക്ക് 12.30 നും ഒരു മണിക്കുംനഇടയിലാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. നാളെ രാത്രി നടയടക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനം അവസാനിക്കും. മൂന്നാം നാൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നട തുറക്കുന്നതോടെ മകര വിളക്ക് ഉത്സവകാലത്തിനു തുടക്കമാകും. അതേസമയം തിരക്ക് കൂടുന്ന സമയങ്ങളിൽ പമ്പ മുതൽ തീർത്ഥാടകരെ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ആളുകൾ ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


അതേസമയം മണ്ഡലപൂജയ്ക്കായി സന്നാഹങ്ങൾ സജ്ജമെന്ന് എ.ഡി.എം. പി. വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. ക്യൂ കോംപ്ലക്‌സിൽ തീർഥാടകർക്കായി ആറുഭാഷയിലുള്ള അറിയിപ്പുകൾ നൽകും. മണ്ഡലപൂജയ്ക്കായി അയ്യന് ചാർത്താൻ കൊണ്ടുവരുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്കു സുരക്ഷയൊരുക്കാൻ പമ്പയിൽനിന്ന് തീർഥാടകരെ നിയന്ത്രിക്കുമെന്ന് സന്നിധാനം പോലീസ് സ്‌പെഷൽ ഓഫീസർ ആർ. ആനന്ദ് പറഞ്ഞു. അസിസ്റ്റന്റ് സ്‌പെഷൽ ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ അനുഗമിക്കും. ശബരിമലയിലെ ജലവിതരണം അടക്കമുള്ള അടിയന്തര അറ്റകുറ്റപ്പണികൾ മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ഇടവേളയിൽ പൂർത്തിയാക്കാനും യോഗത്തിൽ നിർദേശമുയർന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.