താനൂര്‍:  ഈ വര്‍ഷത്തെ വിഷു,പെരുന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് അപകടം ഉണ്ടാക്കിയ അറ്റ്‌ലാന്റിക്ക് ബോട്ട് തൂവല്‍തീരത്ത് സര്‍വീസ് ആരംഭിച്ചത്. സ്ഥലം കേന്ദ്രീകരിച്ച് മുന്നേയും ബോട്ട് സര്‍വീസുകളുണ്ടായിരുന്നു. എന്നാല്‍ അറ്റാലാന്റിക്കിലെ യാത്ര അത്ര പന്തിയായി തോന്നിയിരുന്നില്ലെന്നാണ് നാട്ടുകര്‍ പറയുന്നത്. തൂവല്‍തീരം പോലുള്ള ഒരു സ്ഥലത്ത് യാത്രക്കാരുമായി സര്‍വീസ് നടത്താന്‍ പറ്റിയ ബോട്ടല്ലെന്നുള്ളതാണ് പ്രധാന ആരോപണം. മത്സ്യബന്ധനത്തിന് ഉപയോഗിച്ച ബോട്ട് രൂപമാറ്റം വരുത്തിയത് ആയിരുന്നു ഇത്. ഓടിക്കുന്നയാള്‍ ശ്രദ്ദിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടം സുനിശ്ചിതം. ആലപ്പുഴയില്‍ നിന്നാണ് ഇത് ഇവിടേക്ക് എത്തിയതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാലങ്ങളായി ആഘോഷദിവസങ്ങളില്‍ എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് താത്കാലിക ബോട്ട് സര്‍വീസുകള്‍ ഇവിടെ നടത്തിയിരുന്നു. എന്നാല്‍ തൂവല്‍തീരം പദ്ദതി വിപുലീകരിച്ചതോടെയാണ് പതിവായി ബോട്ട് സര്‍വീസ് തുടങ്ങിയത്. പൂരപ്പുഴയും അറബിക്കടലും കൂടിച്ചേരുന്നയിടം. ഒരുഭാഗം താനൂര്‍ നഗരസഭയിലെ ഒട്ടുംപുറത്തും മറുഭാഗം പരപ്പനങ്ങാടി നഗരസഭയിലെ കെട്ടുങ്ങലും. താനൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ മാത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ ഒട്ടുംപുറം അഴിമുഖത്ത് എത്തിയിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനായി തൂവല്‍തീരത്ത് എത്തിയത്. ഏപ്രില്‍ 23-ന് നടന്ന ചടങ്ങില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ അടക്കമുള്ള വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു.


ALSO READ:  സഹോദരങ്ങളുടെ ഭാര്യമാരും എട്ട് കുഞ്ഞുങ്ങളും; ബോട്ടപകടം കവര്‍ന്നത് ഒരു കുടുംബത്തിലെ 11 ജീവന്‍


ഘട്ടംഘട്ടമായിട്ടായിരുന്നു തൂവല്‍തീരത്തെ ടൂറിസം പ്രൊജക്ടിന്റെ വികസനം. വാക് വേ, കഫ്റ്റീരിയ, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയെല്ലാ? ഒരുക്കി. ആഴ്ചകള്‍ക്ക് മുന്‍പ് ഫ്ളോട്ടിങ് ബ്രിഡ്ജും പ്രവര്‍ത്തനം ആരംഭിച്ചു.ഇതോടെ ദിവസവും നൂറ് കണക്കിന് സഞ്ചാരികളാണ് എന്നും തൂവല്‍തീരം സന്ദര്‍ശിക്കാന്‍ എത്തിയത്. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണം കൂടിയിട്ടും സുരക്ഷ വര്‍ദ്ധിപ്പിച്ചില്ല. വേണ്ട സംവിധാനങ്ങളോ ജീവനക്കാരോ സ്ഥലത്തില്ലായിരുന്നു. ദിവസങ്ങളായി തോന്നിയപോലെ ആളുകളെ കയറ്റി ബോട്ടുകള്‍ സര്‍വീസ് നടത്തിയിട്ടും അധികൃതരാരും തിരിഞ്ഞുനോക്കിയില്ല. ബോട്ട് സര്‍വീസിന്റെ അനുമതി അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ഡിടിപിസി അടക്കമുള്ള സംവിധാനങ്ങളാണ് ടൂറിസം പദ്ദതിയുടെ മേല്‍നോട്ടം വഹിക്കുന്നതെന്നുമാണ് നഗരസഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മെയ് 7ന് രാത്രി ബോട്ട് മുങ്ങുമ്പോള്‍ പ്രദേശവാസികളും തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത്.


രണ്ട് തട്ടുകളിലുള്ള ഗ്ലാസ് ബോട്ട് തലകീഴായി മറിഞ്ഞ് ചെളിയില്‍ പൂണ്ടു പോയിരുന്നു. സ്ഥലത്ത് സര്‍വീസ് നടത്തിയിരുന്ന ഹൗസ് ബോട്ടിലും മത്സ്യബന്ധന യാനങ്ങളിലുമായി ആദ്യം രക്ഷിച്ചവരെ കരയിലെത്തിച്ചു. ബോട്ടിന്റെ ചില്ലു പൊട്ടിക്കാന്‍ കഴിയാതിരുന്നതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി മാറി. താനൂര്‍ ഹാര്‍ബര്‍, ചാപ്പപ്പടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം മത്സ്യത്തൊഴിലാളികള്‍ ബോട്ടപകടമുണ്ടായെന്ന വിവരമറിഞ്ഞതോടെ കുതിച്ചു. താനൂര്‍ ടൗണില്‍നിന്ന് കിലോമീറ്ററുകള്‍ ഉള്ളിലാണ് ് അപകടമുണ്ടായ തൂവല്‍തീരം. ഇതും രക്ഷാപ്രവര്‍ത്തനം പെട്ടെന്ന് ആരംഭിക്കാന്‍ വെല്ലുവിളിയായി. കാരണം ആംബുലന്‍സുകളും വാഹനങ്ങളും സംഭവസ്ഥലത്തെത്താന്‍ പ്രയാസപ്പെട്ടു. ആദ്യഘട്ടത്തില്‍ ആംബുലന്‍സുകളുടെ കുറവു വന്നപ്പോള്‍ സ്വകാര്യ വാഹനങ്ങളിലാണ് പലരേയും ആശുപത്രികളിലെത്തിച്ചത്. ഒരുമണിക്കൂറിനുള്ളില്‍ താനൂരിലെയും പരപ്പനങ്ങാടിയിലെയും ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങള്‍ അപകടത്തില്‍പ്പെട്ടവരെക്കൊണ്ട് നിറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്നേ പലരുടേയും ജീവന്‍ പൊലിഞ്ഞിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.