`തോൽക്കില്ല ഞാൻ` പ്രകാശനം ചെയ്തു; കേരളം കർമ്മഭൂമിയെന്ന് ടീക്കാറാം മീണ; മീണ ജീവിതത്തിലും കർമ്മപഥത്തിലും സത്യസന്ധനെന്ന് ശശി തരൂർ
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ശശി തരൂർ എം.പിയിൽ നിന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പുസ്തകത്തിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ടിക്കറാം മീണയുടെ ആത്മകഥയായ 'തോൽക്കില്ല ഞാൻ' എന്ന പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ തുടരുന്നതിനിടെയായിരുന്നു പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം നടന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ശശി തരൂർ എം.പിയിൽ നിന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പുസ്തകത്തിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
പുസ്തകം തയ്യാറാക്കുന്ന വേളയിലെഴുതിയ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയുയർന്ന ആരോപണങ്ങൾ നിലനിർത്തിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ആരോപണങ്ങൾ നീക്കം ചെയ്തശേഷം പ്രസിദ്ധീകരിക്കണമെന്ന് പി ശശി ആവശ്യപ്പെട്ടെങ്കിലും സർവീസ് കാലയളവിലുണ്ടായ തൻ്റെ അനുഭവം ഒഴിവാക്കാൻ കഴിയില്ലെന്ന് മീണ വ്യക്തമാക്കിയിരുന്നു.
തന്നെ കുറിച്ചുള്ള പരാമർശങ്ങൾ പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ മാനനഷ്ടക്കേസ് നൽകുമെന്ന് പി ശശി പറഞ്ഞിരുന്നു. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ടിക്കാറാം മീണക്ക് അദ്ദേഹം വക്കീൽ നോട്ടീസും അയച്ചു. എന്നാൽ അത് കാര്യമാക്കുന്നില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മീണ.
കേരളം കർമ്മ ഭൂമിയാണെന്ന് പ്രകാശന ചടങ്ങിൽ ടിക്കാറാം മീണ പറഞ്ഞു. തോൽക്കില്ല ഞാൻ എന്ന പുസ്തകം കേരളത്തിലെ ജനങ്ങൾക്കാണ് സമർപ്പിക്കുന്നത്. ജനങ്ങൾക്ക് ഒപ്പമാണ് എല്ലാ കാലത്തും പ്രവർത്തിച്ചത്.അവരിൽ നിന്ന് എല്ലാ കാലത്തും പിന്തുണ ലഭിച്ചു. എല്ലാ മുഖ്യമന്ത്രിമാരുടെയും സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട് ചില കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ആരും ശത്രുക്കളല്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു ടിക്കാറാം മീണയെന്ന് ശശി തരൂർ എം.പി പറഞ്ഞു. നിർഭയമായി പ്രവർത്തിച്ചതിനാൽ ചില തിക്താനുഭവങ്ങൾ അദ്ദേഹത്തിനുണ്ടായി എന്നും അതാണ് പുസ്തകത്തിലുള്ളതെന്നും തരൂർ പറഞ്ഞു.വസ്തുനിഷ്ഠമാണ് ടിക്കാറാം മീണയുടെ പുസ്തകമെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു.
മലയാള മനോരമയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം ചടങ്ങിന് അധ്യക്ഷത വഹിച്ചു. പുസ്തകം പരിചയപ്പെടുത്തിയ എം.കെ.രാംദാസ് നന്ദിയും പറഞ്ഞു. പി.ശശിക്കെതിരായ ആരോപണങ്ങളുള്ള പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവർമയും മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബുവും പങ്കെടുക്കാത്തതും ചർച്ചകൾക്ക് വഴിയൊരുക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...