കെ.എസ്.ആർ. ടി.സി ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം, നാളെ മുതൽ ശമ്പളം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി
30 കോടി രൂപ കൂടി അടിയന്തരമായി അനുവദിക്കണമെന്നാണ് ആവശ്യം
തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകാൻ കെ.എസ്.ആർ.ടിസിക്ക് കഴിയാത്തത്. ഈ സാഹചര്യത്തിൽ വീണ്ടും സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു ധനവകുപ്പിന് കത്ത് നൽകി. 30 കോടി രൂപ കൂടി അടിയന്തരമായി അനുവദിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രി ധനവകുപ്പിന് കത്ത് നൽകിയത്. തുക അനുവദിക്കണമെന്ന് മുഖ്യമന്ത്രിയും ധനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നാളെ മുതൽ ശമ്പളം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.സാഹയമായിട്ടോണോ കടമായിട്ടാണോ തുക അനുവദിക്കുക എന്ന് ധന വകുപ്പ് തീരുമാനിക്കും. ഹൈദരാബാദിലുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചെത്തിയാലുടൻ അദ്ദേഹവുമായി ചർച്ച നടത്തി തീരുമാനത്തിലെത്തുമെന്നും ആന്റണി രാജു പറഞ്ഞു.അധികമായി വേണ്ടി വരുന്ന തുക കരുതി വയ്ക്കാൻ മാനേജ്മെന്റിന് നിർദേശം നൽകിയതായും ഗതാഗത മന്ത്രി വ്യക്തമാക്കി.
ശമ്പളം നൽകുന്നതിനായി 30 കോടി രൂപ കഴിഞ്ഞ ആഴ്ച ധന വകുപ്പ് അനുവദിച്ചിരുന്നു.എന്നാൽ ബാക്കി തുക കണ്ടെത്താനാകാത്തിനാൽ ഇതുവരെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിഞ്ഞിട്ടില്ല.കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരിൻരെ ഉത്തരവാദിത്തമല്ലെന്നാണ് ഗതാഗത മന്ത്രി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.എന്നാൽ ഭരണ പക്ഷ അനുകൂല സംഘടനയായ സിഐറ്റിയുവും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് ശമ്പള പ്രതിസന്ധിയിൽ ഇടപെടാൻ മന്ത്രി തയ്യാറായായത്.
Also read: K Sudhakaran: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ സുധാകരനെതിരെ കേസെടുത്ത് പോലീസ്
82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നൽകുന്നതിനായി വേണ്ടത്. എസ്.ബി.ഐ യിൽ നിന്ന് 45 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ മാസത്തെ ശമ്പളം 17 ദിവസം വൈകി നൽകിയത്.വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ ഭരണ പക്ഷ അനുകൂല സംഘടനകളടക്കം പ്രതിഷേധിച്ചിരുന്നു.അഞ്ചര കോടി രൂപയാണ് കെ.എസ്. ആർ.ടി.സി.യുടെ പ്രതിദിനവാരുമാനം. ഇതിൽ 93 ലക്ഷം രൂപ വായ്പ തിരിച്ചടവ് ഇനത്തിലും 3.5 കോടി ഇന്ധന ചെലവിനായും മാറ്റിവക്കണം. 20 കോടിയോളം രൂപ മറ്റ് ചിലവുകൾക്കായും വിനിയോഗിക്കേണ്ടി വരും.എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്നായിരുന്നു മാനേജ്മെന്റ് നേരത്തെ ജീവനക്കാർക്ക് നൽകിയിരുന്ന ഉറപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...