തങ്ക അങ്കി രഥ ഘോഷയാത്ര നാളെ സന്നിധാനത്ത് എത്തും
23ന് രാവിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് സന്നിധാനത്ത് എത്തുന്നത്.
ശബരിമല: മണ്ഡല പൂജക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര ബുധനാഴ്ച സന്നിധാനത്ത് എത്തും. വ്യാഴാഴ്ച ആണ് മണ്ഡല പൂജ. സന്നിധാനത്ത് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
23ന് രാവിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് സന്നിധാനത്ത് എത്തുന്നത്. ചൊവ്വാഴ്ച കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. തുടര്‍ന്ന് വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം നല്‍കി.
ബുധനാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും യാത്ര പുറപ്പെടും. പിന്നീട് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍, ചാലക്കയം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് പമ്പയില്‍ എത്തും. വ്യാഴാഴ്ച ആണ് മണ്ഡല പൂജ.
പമ്പാ ത്രിവേണിയില്‍ എത്തുന്ന രഥഘോഷയാത്രയെ ദേവസ്വം ഭാരവാഹികള്‍, അയ്യപ്പ സേവാ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് ഗണപതി കോവിലിലേക്ക് കൊണ്ടുപോകും. മൂന്നു മണി വരെ തങ്ക അങ്കി ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് തങ്ക അങ്കി പേടകത്തിലാക്കി സന്നിധാനത്തേക്ക് തിരിക്കും.
തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വമുള്ള സ്വീകരണം നല്‍കി പതിനെട്ടാം പടിക്ക് ചുവട്ടിലേക്ക് ആനയിക്കും. പിന്നീട് പടി കയറി തങ്ക അങ്കിയുമായി മുകളിലെത്തുമ്പോള്‍ കൊടിമരച്ചുവട്ടില്‍ വെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം വകുപ്പ്‌സെക്രട്ടറി, ദേവസ്വം കമ്മീഷണര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടുപോകും.
ഇവിടെ നിന്നും ക്ഷേത്ര തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവില്‍ നട അടയ്ക്കും. തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കായി നട തുറക്കും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ ഉച്ചക്ക് 12ന് നടക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാര്‍മികത്വം വഹിക്കും.
രാത്രി നട അടയ്ക്കുന്നതോടെ ഈ മണ്ഡല കാലത്തിന് സമാപനമാവും. പിന്നെ മകരവിളക്ക് ഉത്സവത്തിന് 30ന് വൈകിട്ട് വീണ്ടും നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. 19ന് നട അടക്കും.