Pinarayi Vijayan: പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകും: മുഖ്യമന്ത്രി
CM Pinarayi Vijayan released the three-year progress report: 2021നു ശേഷം മൂന്നു വർഷം നാടിനെ ശരിയായ നിലയ്ക്കു മുന്നോട്ടു നയിക്കാനാണ് സംസ്ഥാന സർക്കാർ തയാറായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും മറ്റൊരു സർക്കാരിനും ഇത്രത്തോളം ക്രൂരത നേടിടേണ്ടി വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം പിണറായി സർക്കാരിന് പ്രകൃതി ദുരന്തങ്ങളെയാണ് നേരിടേണ്ടി വന്നതെങ്കിൽ രണ്ടാം സർക്കാരിന് മറ്റ് പല പ്രതിസന്ധികളുമാണ് നേരിടേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയം വന്നതു കൊണ്ടാണ് സർക്കാർ അധികാരത്തിൽ വന്നതെന്നും ഇനി പ്രളയം ഉണ്ടാകില്ലെന്ന് ഓർക്കണമെന്നും ഒരു പുരോഹിതൻ പറഞ്ഞതായി മാധ്യമങ്ങളിൽ കണ്ടു. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകും എന്നാണ് ആ വാക്കുകൾ വ്യക്തമാക്കുന്നത്. നമ്മളാരും വീണ്ടു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. നാടാകെ ഒറ്റക്കെട്ടായി നിന്നാണ് അതിനെ അതിജീവിച്ചത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സോദരത്വേന വാഴുന്ന നാടാണ് കേരളം. അത്തരമൊരു നാടിനു മാത്രമേ ഒത്തൊരുമിച്ചു മുന്നേറാൻ കഴിയൂ.
ALSO READ: ഓപ്പറേഷന്‍ ലൈഫ്; ഭക്ഷ്യസുരക്ഷ പരിശോധനകൾക്ക് ഇനി ഒറ്റപ്പേര്
2021നു ശേഷം മൂന്നു വർഷം നാടിനെ ശരിയായ നിലയ്ക്കു മുന്നോട്ടു നയിക്കാനാണ് സംസ്ഥാന സർക്കാർ തയാറായിട്ടുള്ളത്. അതിൽ എന്തൊക്കെ തടസ്സങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ചിലർ നോക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനും ഇത്രമാത്രം ക്രൂരമായി അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അതുകൊണ്ടാണ് രാജ്യത്തെ അത്യുന്നത കോടതിയെ സമീപിക്കേണ്ടിവന്നത്. കേരളത്തിന് അർഹതപ്പെട്ടത് കൊടുക്കേണ്ടേ എന്ന് സുപ്രീംകോടതി വരെ ചോദിച്ചു. അതോടെയാണ് തരില്ല എന്ന സമീപനം തിരുത്താൻ കഴിഞ്ഞത്. 2016 മുതൽ പ്രകൃതി ദുരന്തങ്ങളാണ് നേരിടേണ്ടിവന്നതെങ്കിൽ അതിനേക്കാൾ വലിയ പ്രതിസന്ധികളാണ് പിന്നീട് നേരിടേണ്ടിവന്നത്.
സാമ്പത്തികമായി ഞെരുക്കുകയായിരുന്നു. കഴിയാവുന്ന തടസ്സങ്ങൾ സൃഷ്ടിച്ച് സർക്കാരിനെ വലയ്ക്കുകയായിരുന്നു ലക്ഷ്യം. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടായി. എന്നാൽ അത് അധികകാലം നീളാതെ പരിഹരിക്കാൻ കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒട്ടേറെ വാഗ്ദാനങ്ങൾ മുന്നണികൾ ജനങ്ങൾക്കു നൽകാറുണ്ട്. പിന്നീട് അത് എത്രകണ്ട് നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടാറില്ല. ഇതിനാണ് 2016ൽ സർക്കാർ മാറ്റം വരുത്തിയത്. ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച വാഗ്ദാനങ്ങൾ എത്ര കണ്ട് നടപ്പാക്കിയെന്ന് അറിയാനുളള ജനങ്ങളുടെ അവകാശമാണു പ്രോഗ്രസ് റിപ്പോർട്ടിലൂടെ സ്ഥാപിക്കപ്പെട്ടത്. ഇതുവരെ കൃത്യമായി റിപ്പോർട്ട് അവതരിക്കപ്പെട്ടു.
സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനുള്ള അവസരമാണ് ജനങ്ങൾക്കു കിട്ടുന്നത്. 600 വാഗ്ദാനങ്ങളിൽ വിരലിലെണ്ണാൻ കഴിയുന്നവ ഒഴിച്ച് ബാക്കിയെല്ലാം പാലിക്കപ്പെടാൻ 2016ലെ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. പല പ്രചാരണങ്ങൾ ഉണ്ടായിട്ടും രണ്ടാമതും എൽഡിഎഫ് സർക്കാരിനെ ജനം തിരഞ്ഞെടുത്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിന്റെ അതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടാണ് ജനങ്ങൾ തുടർഭരണം സമ്മാനിച്ചത്. മഹാമാരികളെയും പ്രകൃതിദുരന്തങ്ങളെയും മറികടന്നാണ് മുൻ സർക്കാർ പ്രവർത്തിച്ചത്. ആ ഘട്ടത്തിൽ ലഭിക്കേണ്ട സഹായം ലഭിച്ചില്ല. സഹായിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രങ്ങൾ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. തളർന്നിരുന്നു പേകേണ്ട ഘട്ടത്തിൽ നാം ഒത്തൊരുമിച്ച് അതിനെ അതിജിവിച്ചു. ആ അതിജീവനം ദേശീയ, രാജ്യാന്തര തലത്തിൽ പ്രശംസിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സെക്രട്ടേറിയറ്റ് വളപ്പിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു പ്രോഗ്രസ് റിപ്പോർട്ട് ഏറ്റുവാങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.