തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന ഏജൻസികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് ഇത്തരക്കാരെ യുദ്ധകാലാടിസ്ഥാനത്തിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കും. പൊലീസിന്റെ സഹകരണം കൂടി ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടികൾ. തിരുവനന്തപുരത്ത് രാത്രിയിലുൾപ്പെടെ നഗരസഭയുടെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങൾ പട്രോളിംഗ് നടത്തും. മാലിന്യ പ്രശ്നത്തിലെ കേസുകളിൽ ഒരു വിട്ടുവീഴ്ചയും ആരോടും കാട്ടില്ല, ഒരു സമ്മർദത്തിനും വഴങ്ങുകയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. 


ALSO READ: നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുക്കണം; വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി


തിരുവനന്തപുരത്ത് മാലിന്യവുമായി വാഹനം പിടികൂടിയ സംഭവം


ഇന്നലെ രാത്രി തിരുവനന്തപുരത്ത് വനിതാ ഹെൽത്ത് സ്ക്വാഡ് ആമയിഴിഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച 9 വാഹനം പിടികൂടിയിട്ടുണ്ട്. കേരളാ മുൻസിപ്പാലിറ്റി നിയമം/കേരളാ പഞ്ചായത്തീരാജ് നിയമം പ്രകാരം ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ആറുമാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കവിയാത്തതുമായ തടവു ശിക്ഷയുള്ള ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. ഇതിന് പുറമേ ജല സംരക്ഷണ നിയമം അനുസരിച്ചും നടപടി സ്വീകരിക്കാം. ഈ നടപടികൾക്കായി പൊലീസിന് പരാതി നൽകാൻ നഗരസഭയ്ക്ക് മന്ത്രി നിർദേശം നൽകി. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്താൽ ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ വിട്ടുകൊടുക്കാവൂ എന്നാണ് ഹൈക്കോടതി നിർദേശം. രജിസ്ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ആർടിഒ യ്ക്ക് കത്ത് നൽകും.  


ആമയിഴിഞ്ചാൻതോട് ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കിവിടാൻ പല സ്ഥാപനങ്ങളും പൈപ്പ് സ്ഥാപിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും സമാനമായ നടപടി സ്വീകരിക്കും. ഇതിന് പുറമേ ആമയിഴിഞ്ചാൻതോട്ടിൽ മാലിന്യം നിക്ഷേപിച്ച 9 പേരെ പിടികൂടുകയും ഇവർക്ക്  45,090 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. അനധികൃത ഏജൻസികൾക്ക് മാലിന്യം കൈമാറുന്നവരെയും നഗരസഭ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരക്കാർക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 


തിരുവല്ല സ്റ്റേഡിയത്തിൽ മാലിന്യം കൂട്ടിയിട്ട സംഭവം


തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ട സംഭവത്തിൽ അടിയന്തിര നടപടിക്ക് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ മന്ത്രി കളക്ടർക്ക് നിർദേശം നൽകി. സ്റ്റേഡിയം പരിസരത്ത് കൂട്ടിയിട്ട മാലിന്യം ഉടൻ നീക്കം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മാലിന്യം വേർതിരിക്കാതെ വൻ തോതിൽ സൂക്ഷിച്ചതിനെ സർക്കാർ ഗൗരവമായാണ് കാണുന്നത്. നഗരസഭയിൽ മാലിന്യം ശേഖരിക്കുന്നതും സംഭരിക്കുന്നതും സർക്കാർ നിഷ്കർഷിച്ചതിനു അനുസരിച്ചാണോ എന്ന് പ്രത്യേകം പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.