തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് അക്രമരാഷ്ട്രീയം കേരളത്തിൽ തിരഞ്ഞെടുപ്പ് ചർച്ചാവിഷയമാകുമെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തെ സിപിഎം സംഘർഷങ്ങളുടെ നാടാക്കി മാറ്റിയെന്ന് അഭിപ്രായപ്പെട്ട പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ ഇതാവും ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പ് ചർച്ചാ വിഷയമെന്നും അവര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേ ആണ് അവര്‍ ഇപ്രകാരം പറഞ്ഞത്.


പത്ത് വർഷം അധികാരത്തിലിരുന്നിട്ടും യുപിഎ സര്‍ക്കാര്‍ രാജ്യസുരക്ഷയ്ക്കായി ഒന്നും ചെയ്തില്ല എന്നും അവര്‍ ആരോപിച്ചു. മുംബൈ സ്‌ഫോടനം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടും ചെറുവിരലനക്കാൻ അന്നത്തെ സർക്കാരിന് കഴിഞ്ഞില്ല. രാജ്യം കാക്കുന്ന സൈന്യത്തിന് ആത്മവിശ്വാസം നൽകാൻ പോലും മലയാളിയായ പ്രതിരോധമന്ത്രിക്ക് കഴിഞ്ഞില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 


കേവലം റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയല്ല നരേന്ദ്രമോദി. മറിച്ച് നാടിന്‍റെയും നാട്ടുകാരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ്. വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും മികച്ച പ്രവർത്തനം കാഴ്ച വെച്ച സർക്കാരിനെ ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്ന കാര്യം തീർച്ചയാണെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. എൻഡിഎ മോദിയെ മാത്രം പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുമ്പോൾ പ്രതിപക്ഷത്ത് പ്രധാനമന്ത്രിയാകാൻ ആളുകളുടെ തിരക്കാണെന്ന് അവര്‍ പരിഹസിച്ചു. 


തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരനായി അവര്‍ തമിഴിൽ വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ആദ്യം സംസാരം ഇംഗ്ലീഷിലായിരുന്നു. പിന്നെ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍റെ അഭ്യർത്ഥന മാനിച്ച് പ്രസംഗം തമിഴിലേക്ക് മാറ്റി. വെട്ടിക്കെട്ടപകടം ഉണ്ടായപ്പോഴും ഓഖി കാലത്തും ഓടി വന്ന മോദിയെ മറക്കരുതെന്നായിരുന്നു തലസ്ഥാനത്തെ വോട്ടർമാരോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. ഓഖി കാലത്ത് തീരവാസികളെ തമിഴിൽ ആശ്വസിപ്പിച്ച നിർമ്മല സീതാരാമന്‍റെ നടപടി വലിയ കയ്യടിനേടിയിരുന്നു. 


മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതിനാല്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. സിറ്റിംഗ് എംപി ശശി തരൂരും നെടുമങ്ങാട് എംഎല്‍എ സി ദിവാകരനുമാണ് കുമ്മനത്തിന്‍റെ മുഖ്യ  എതിരാളികള്‍.


അതേസമയം, ശബരിമല വിഷയം കേരളത്തില്‍ ബിജെപിയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചിട്ടുള്ളതായാണ് വിലയിരുത്തല്‍.  അക്കാരണത്താല്‍ തന്നെ നിരവധി കേന്ദ്രനേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും വരുന്ന ദിവസങ്ങളില്‍ മണ്ഡലത്തില്‍ എത്തിച്ച് പ്രചാരണ രംഗത്ത് മേല്‍ക്കോയ്മ നേടാനുള്ള ഒരുക്കത്തിലാണ് ബിജെപി.