തിരുവനന്തപുരം: അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി കോവളം ലീലാ റാവിസ് ഹോട്ടൽ. ലോകത്തെ അതിശയകരമായ 20 ആഡംബര ഹോട്ടലുകളിൽ പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം ലീല റാവിസ് എട്ടാം സ്ഥാനം നേടി. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ച ഏകഹോട്ടലും കോവളം ലീല റാവിസാണ്. അന്തരാഷ്ട്ര യാത്ര മാഗസിനായ ട്രാവൽ ആന്റ് ലീഷറാണ് പട്ടിക പുറത്തുവിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലീല റാവിസ് ഹോട്ടലിൽ നിന്ന് കോവളം ബീച്ചിൻറെ മനോഹാരിത അല്പം പോലും ചോർന്നു പോകാതെ ആസ്വദിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി ട്രാവൽ ആന്റ് ലീഷർ വിലയിരുത്തിയിരിക്കുന്നത്. കൂടാതെ, ഹോട്ടലിലെ സിമ്മിംഗ് പൂളുകൾ, റസ്റ്ററെന്റുകൾ, സ്കൈ ബാർ എന്നിവയെ കുറിച്ചും എടുത്തു പറഞ്ഞിട്ടുണ്ട്. കുറഞ്ഞ ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഖസൗകര്യങ്ങൾ ആസ്വദിക്കാം എന്നതാണ് മറ്റൊരു പ്രധാന സവിശേഷതയായി  ട്രാവൽ ആന്റ് ലീഷർ ചൂണ്ടിക്കാട്ടുന്നത്. 


ALSO READ: കേരളത്തിൽ 726 ഇടങ്ങളിൽ എ ഐ ക്യാമറ; എവിടെയൊക്കെ എന്ന് അറിയാമോ?


ലോക ടൂറിസം ഭൂപടത്തിൽ നേരത്തെ തന്നെ ഇടം പിടിച്ചിട്ടുള്ള ഹോട്ടലാണ് ലീല റാവിസ്. പുതിയ അംഗീകാരത്തോടെ ഈ ഹോട്ടലിന് കൂടുതൽ അന്താരാഷ്ട്ര പ്രശസ്തി ലഭിക്കും.  പുതിയ നേട്ടം ഉത്തരവാദിത്വം വർദ്ധിപ്പിക്കുമെന്നും ഈ നേട്ടം കോവളം ലീലാ റാവിസിന് മാത്രമല്ല കേരളത്തിൻറെ ടൂറിസം മേഖലയ്ക്ക് കൂടി പുതിയ സാധ്യതകൾ തുറന്നു തരികയാണെന്നും കോവളം ലീലാ റാവിസ് ജനറൽ മാനേജർ ബിസ്വജിത് ചക്രബർത്തി പറഞ്ഞു. സുവർണ്ണ ജൂബിലി വർഷത്തിൽ കോവളം ലീലാ റാവീസിനെ തേടി അന്താരാഷ്ട്ര ബഹുമതി എത്തിയത് ഇരട്ടി മധുരമായി മാറി. 


1959ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി ഇന്ത്യയ്ക്ക് മികച്ച ഹോട്ടൽ വേണമെന്ന് നിർദ്ദേശം മുന്നോട്ടുവെച്ചത്. ക്ലബ് മെഡിറ്ററേനിയൻ  എന്ന കൺസൾട്ടൻസി ഗ്രൂപ്പാണ് സർക്കാർ ഉടമസ്ഥതയിൽ ഇവിടെ ഹോട്ടൽ സ്ഥാപിക്കാൻ നിർദ്ദേശിച്ചത്. 1969ൽ ഇന്ത്യൻ ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷന്റെ നേതൃത്വത്തിൽ പ്രശസ്ത ആർക്കിടെക്റ്റായ ചാൾസ് കൊറിയയാണ് ഹോട്ടലിന്റെ നിർമ്മാണം ആരംഭിച്ചത്. 


1972 ഡിസംബർ 17ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ കോവളത്തെ അശോക ഹോട്ടൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന്, അമർത്യ സെൻ, ജെ.ആർ.ജി ടാറ്റ, ദലൈലാമ തുടങ്ങി അന്താരാഷ്ട്ര പ്രശസ്തി നേടിയ നിരവധി പ്രമുഖർ ഈ ഹോട്ടലിൽ  താമസിക്കുന്നതിനായി കേരളത്തിലെത്തി. 2002ലാണ് അന്നത്തെ കേന്ദ്രസർക്കാർ കോവളം അശോക ഹോട്ടൽ സ്വകാര്യവൽക്കരിച്ചത്. 2011ൽ ഡോ. ബി. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർ പി ഗ്രൂപ്പ് ഈ ഹോട്ടൽ വാങ്ങി. എന്നാൽ, ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ലീലാ ഗ്രൂപ്പിന് തന്നെ നൽകുകയായിരുന്നു. തുടർന്ന് ഈ ഹോട്ടൽ ലീല റാവിസ് കോവളം ഹോട്ടൽ എന്ന് പുനർനാമകരണം ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.