കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന്‍ വ്യാപക നാശനഷ്ടം
കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന്‍ വ്യാപക നാശനഷ്ടം. ദിവസങ്ങളായി ശമിച്ചുനിന്ന മഴ ഇന്നലെ മുതലാണ് വീണ്ടും ശക്തി പ്രാപിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന്‍ വ്യാപക നാശനഷ്ടം. ദിവസങ്ങളായി ശമിച്ചുനിന്ന മഴ ഇന്നലെ മുതലാണ് വീണ്ടും ശക്തി പ്രാപിച്ചത്. കനത്തമഴയിലും കാറ്റിലും കൃഷിനാശമടക്കം വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജനവാസ മേഖലകളിൽ പലയിടത്തും ശക്തമായ മഴയെ തുടര്‍ന്ന വെള്ളം കയറി. നദികളും കുളങ്ങളും നിറഞ്ഞുകവിയുകയാണ്. കടൽക്ഷോഭമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കരുതിയിരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം കുളത്തൂരിൽ ആകാശവാണി ട്രാൻസ്മിഷൻ ടവർ തകർന്നതിനെ തുടർന്ന് ഇവിടെ നിന്നുള്ള പ്രക്ഷേപണം മുടങ്ങി. മാറനല്ലൂരില്‍ പോലീസ് സ്റ്റേഷന് മുകളില്‍ മരം വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍ക്ക് ദുരന്ത നിവാരണ സേന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭൂതത്താൻ അണക്കെട്ട് ഏതുനിമിഷവും തുറന്നേക്കാമെന്ന് എറണാകുളം കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. ജില്ലാ കലക്ടർമാർ മുൻകരുതലെടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.