തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തിൽ  അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക നിർദ്ദേശിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമതായി, സംസ്ഥാന സർക്കാറിന് കീഴിലെ കെഎസ്‌ഐഡിസി രണ്ടാം സ്ഥാനത്ത്. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ മൂന്നാംസ്ഥാനത്ത്. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്നൗ, മംഗലാപുരം എന്നിവടങ്ങളിലെ ലേലത്തിലും വൻ തുക നിർദ്ദേശിച്ച് അദാനി ഒന്നാമതാണ്.  


മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത സിയാല്‍ രണ്ടാമത്. ഗുവാഹത്തി വിമാനത്താവളത്തിന്റെ ബിഡ് കോടതി സ്റ്റേ ചെയ്തു.


രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെ ആദ്യം ഈ നീക്കത്തെ എതിര്‍ത്തെങ്കിലും പിന്നീടു നടത്തിപ്പവകാശത്തിനായി ബിഡില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.


സിയാലിന്റെ പേരില്‍ ബിഡില്‍ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി. എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കെഎസ്‌ഐഡിസിയുടെ പേരിലാണു ബിഡില്‍ പങ്കെടുത്തത്. 


സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം കെഎസ്‌ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ അനുവദിച്ചിരുന്നു. ഇതുപ്രകാരം, ഏറ്റവും കൂടുതല്‍ തുക നിര്‍ദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കില്‍പോലും തുക വര്‍ധിപ്പിക്കാന്‍ കെഎസ്‌ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്ഐഡിസിയെക്കാൾ വൻ തുകയാണ് ഒന്നാമതുള്ള അദാനി നിർദ്ദേശിച്ചതെന്നാണ് വിവരം.


തിരുവനന്തപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു കൈമാറാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. ജിഎംആറും അദാനിയും ആറു വിമാനത്താവളങ്ങള്‍ക്കു വേണ്ടിയും ബിഡ് സമര്‍പ്പിച്ചിരുന്നു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം ഏറ്റെടുത്തു വികസിപ്പിച്ചത് ജിഎംആര്‍ ഗ്രൂപ്പ് ആണ്. അദാനി ആദ്യമായാണു വ്യോമയാന മേഖലയില്‍ മുതല്‍മുടക്കുന്നത്.


രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും. വിഴിഞ്ഞം തുറമുഖ കരാർ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിൻറെ ചുമതല കൂടി കിട്ടുന്നത് ചരക്ക് നീക്കങ്ങൾക്കടക്കം വലിയ നേട്ടമാകും. 


ആർക്ക് നടത്തിപ്പ് കിട്ടിയാലും ശക്തമായ എതിർപ്പ് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നേരത്തെ മുഖ്യമന്ത്രി നൽകിയിരുന്നു. എൽഡിഫ് ശക്തമായ സമരത്തിലാണ്. എന്നാൽ സർക്കാർ നിയമനടപടിക്ക് പോകാതിരുന്നതും തിരിച്ചടിയായി.