തിരുവനന്തപുരം: വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെട്ടൂര്‍ സ്വദേശികളായ  ശ്രീകുമാര്‍ (58), ഭാര്യ മിനി (58), മകള്‍ അനന്തലക്ഷ്മി (26)  എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.


പുലര്‍ച്ചെ 3.30ഓടെ വീട്ടില്‍ നിന്നും നിലവിളിയുയരുന്നത് കേട്ട  അയല്‍വാസികള്‍  പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. എന്നാല്‍, അപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു. 


ശ്രീകുമാറിന്‍റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.


ശ്രീകുമാര്‍ എംഇഎസ് കോണ്‍ട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാര്‍ഥിയാണ്. 


ഉറക്കത്തില്‍ ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച് തീവെച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്‍റെ  പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി. 


ശ്രീകുമാറിന് കടബാധ്യതയുണ്ടായിരുന്നതായി അയല്‍വാസികള്‍ മൊഴിനല്‍കിയിട്ടുണ്ട്.