ചാവക്കാട്: കഴിഞ്ഞ മാസം ചാവക്കാട് കടലിൽ മൂന്ന് മത്സ്യത്തൊഴിലാളി യുവാക്കൾ മുങ്ങിമരിച്ച സംഭവത്തിൽ സർക്കാർ പക്ഷപാതിത്വം കാണിക്കുകയാണെന്ന്
 ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ.  


COMMERCIAL BREAK
SCROLL TO CONTINUE READING

യുവാക്കൾ കടലിൽ മുങ്ങിപോയപ്പോൾ രക്ഷാദൗത്യത്തിന് സഹായിക്കാതിരുന്ന സർക്കാർ മരണാനന്തരം ഒരു സഹായവും ചെയ്തില്ല. 
അപകടത്തിൽ മരിച്ച വിഷ്ണു, ജിഷ്ണു, ജഗനാഥ് എന്നിവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സ്വന്തം നാട്ടിൽ മൂന്ന് ചെറുപ്പക്കാർ മുങ്ങിമരിച്ചിട്ടും അവിടേക്ക് തിരിഞ്ഞു നോക്കാതിരുന്ന മന്ത്രി എ.സി മൊയ്തീൻ വിവേചനപരമായാണ് പെരുമാറിയത്. 
ഗുരുവായൂർ എം.എൽ.എയും ഒന്നും ചെയ്തില്ല. രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഇടതുമുന്നണി നേതാക്കളുടെ ബാങ്ക് കടം വീട്ടാനും മുഖ്യമന്ത്രിയുടെ 
ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കുന്ന സർക്കാർ പാവപ്പെട്ട യുവാക്കൾക്ക് നായാപൈസ അനുവദിച്ചിട്ടില്ല. 
മത്സ്യത്തൊഴിലാളികളായതുകൊണ്ടും സംഘടിത വോട്ടുബാങ്കല്ലാത്തതു കൊണ്ടുമാണ് ഈ യുവാക്കൾക്ക് നീതി കിട്ടാത്തത്. 
സർക്കാർ രണ്ട് തരത്തിലാണ് ജനങ്ങളെ കാണുന്നത്. മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപയും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകാൻ 
സർക്കാർ തയ്യാറാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. 


Also Read:ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിയ്ക്ക് രക്ഷപ്പെടാനാവില്ല: കെ. സുരേന്ദ്രൻ



സ്വപ്നയ്ക്കും സരിത്തിനും ജോലി നൽകുന്ന സർക്കാർ അർഹതപ്പെട്ടവരെ അവഗണിക്കുകയാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാനായി 
തീരദേശ മേഖലയിൽ പ്രക്ഷോഭം തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാപ്രസിഡൻ്റ് കെ.കെ അനീഷ്കുമാർ പങ്കെടുത്തു.