Thrikkakara By-Election 2022 : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ആയുധങ്ങൾ സറണ്ടർ ചെയ്യണം; സ്ട്രോങ് റൂം സന്ദർശിച്ച് ജില്ല കളക്ടർ
ആയുധങ്ങൾ അംഗീകൃത ആർമറികളിലോ പോലീസ് സ്റ്റേഷനുകളിലോ സറണ്ടർ ചെയ്യണമെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ആയുധ ലൈസൻസികൾ തങ്ങളുടെ ലൈസൻസ് പ്രകാരമുള്ള ആയുധങ്ങൾ അംഗീകൃത ആർമറികളിലോ പോലീസ് സ്റ്റേഷനുകളിലോ സറണ്ടർ ചെയ്യണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്. ഇളവ് ആവശ്യമുള്ള ആയുധ ലൈസൻസികൾ, മതിയായ രേഖകൾ സഹിതം വ്യക്തിഗത അപേക്ഷ സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ മെയ് 16നകം സമർപ്പിക്കണമെന്ന് ജില്ല കളക്ടർ.
കൂടാതെ ധനകാര്യ സ്ഥാപനങ്ങൾക്കും മറ്റ് അതീവ സുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങൾക്കും സ്പോർട്സ് ആവശ്യത്തിനായി ആയുധം ഉപയോഗിക്കുന്നവർക്കും അംഗീകൃത ലൈസൻസ് പ്രകാരമുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ അപേക്ഷ നൽകാം. ഓരോ അപേക്ഷകളിലും ആവശ്യകത ബോധ്യപ്പെടുന്ന പക്ഷം, മെയ് 24ന് നടക്കുന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ തീരുമാനം എടുക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പില്‍ സ്‌ട്രോങ്ങ് റൂം, വോട്ടെണ്ണല്‍ കേന്ദ്രവും സജ്ജീകരിക്കുന്ന തൃക്കാക്കര ഭാരത് മാതാ കോളേജ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ജാഫര്‍ മാലിക് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണത്തിനും സ്വീകരണത്തിനും കൃത്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
മൂന്ന് മുറികളാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമായി ഉപയോഗിക്കുന്നത്. മൂന്ന് ഹാളുകള്‍ വോട്ടെണ്ണലിന് ഉപയോഗിക്കും. ഇവിടെ വൈദ്യുതി, വെള്ളം, വെളിച്ചം തുടങ്ങിയ ഉറപ്പാക്കണമെന്ന് കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജീവനക്കാര്‍ക്ക് യാത്രാ സൗകര്യങ്ങളും ഉറപ്പാക്കണം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ ശാലകളും കേന്ദ്രത്തില്‍ ഒരുക്കും. വരണാധികാരി വിധു.എ. മേനോന്‍, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ഇ. അനിതാകുമാരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.