Thrikkakara by-election: സാമുദായിക സമവാക്യങ്ങൾ, യുവാക്കൾക്ക് പരിഗണന...തൃക്കാക്കര പിടിച്ചെടുക്കാൻ മുന്നണികൾ; ആര് വാഴും, ആര് വീഴും?
തൃക്കാക്കര മണ്ഡലം നിലനിർത്തുക എന്നത് കോൺഗ്രസിനും മണ്ഡലം പിടിച്ചെടുക്കുക എന്നത് സിപിഎമ്മിനും വാശിയുള്ള കാര്യമാണ്. പിടി തോമസിന്റെ അകാല മരണം കോൺഗ്രസിന് അനുകൂലമായ ഒരു സഹതാപ തരംഗത്തിന് വഴിവയ്ക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
തിരുവനന്തപുരം: തൃക്കാക്കര പിടിച്ചെടുക്കാൻ അരയും തലയും മുറക്കി ഇടത് -വലത് മുന്നണികൾ. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമായി കഴിഞ്ഞു. എറണാകുളം ജില്ലാ ആസ്ഥാനവും കൊച്ചി നഗരസഭയിലെ 22 വാർഡുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല (SEZ) എന്നിവ ഉൾപ്പെടുന്ന തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച കോട്ടയാണ്. അത് ഇത്തവണയും തെളിയിക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ വിവാദങ്ങളും അച്ചടക്ക നടപടികളും ഉണ്ടായ മണ്ഡലം കൂടിയാണ് തൃക്കാക്കര. ഇക്കുറി മണ്ഡലം പിടിച്ചെടുത്ത് കരുത്ത് തെളിയിക്കാനുള്ള ഉറച്ച ശ്രമത്തിലാണ് ഇടതുമുന്നണി. മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും കോൺഗ്രസ് ആണ് ഇവിടെ ജയിച്ചിട്ടുള്ളത്.
അന്തരിച്ച മുൻ എംഎൽഎ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി നിർവ്വാഹകസമിതി അംഗം ജെയ്സൺ ജോസഫ്, ദീപ്തി മേരി വർഗീസ്, മുൻ മേയർ ടോണി ചമ്മിണി എന്നിവരാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടികയിലെ സജീവ പേരുകൾ. ഉമാ തോമസ് സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഓർത്തഡോക്സ് -ക്രിസ്ത്യൻ സമുദായത്തിന് മുൻതൂക്കമുള്ള തൃക്കാക്കരയിൽ, ഉമ്മൻചാണ്ടിയുടെ ഗുഡ്ബുക്കിലുള്ള ജെയ്സൺ ജോസഫ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത ഏറെയാണ്. എ ഗ്രൂപ്പിന്റെ സീറ്റ് എന്ന നിലയിലാണ് മണ്ഡലത്തെ കോൺഗ്രസ് തന്നെ കണക്കാക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ഓർത്തഡോക്സ് വിഭാഗക്കാരനായ ഡോ കെജെ ജേക്കബ്, സിപിഎം എറണാകുളം ജില്ലാകമ്മറ്റിയംഗം അഡ്വ കെഎസ് അരുൺകുമാർ എന്നിവരാണ് ഇടതുമുന്നണിയുടെ പരിഗണനയിലുള്ള പേരുകൾ. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്പെഷൽ ഇക്കണോമിക് സോണിലെ തൊഴിലാളി നേതാവ് കൂടിയാണ് അരുൺകുമാർ. പാർട്ടി ചിഹ്നത്തിൽ, യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം സിപിഎം പ്രാദേശിക ഘടകങ്ങളിൽ നിന്നുയർന്നിട്ടുണ്ട്. ചാനൽ ചർച്ചകളിലും പ്രസംഗ വേദികളിലും നിലപാടുകൾ കൃത്യതയോടെ വിശദീകരിക്കുന്ന അരുണിന് യുവാക്കൾക്കിടയിലും മികച്ച സ്വീകാര്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സീറോ മലബാർ സഭയുടെ ഔദ്യോഗിക വക്താവ് കൊച്ചുറാണി ജോസഫും ഇടതുമുന്നണി സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. തൃക്കാക്കര ഭാരത് മാതാ കോളജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയായിരുന്നു കൊച്ചുറാണി ജോസഫ്, സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് സ്ഥാനാർത്ഥിയാകാമെന്ന കണക്കുകൂട്ടലിലാണ്. കഴിഞ്ഞ തവണ മത്സരിച്ച ബിജെപി നേതാവ് എസ് സജി വീണ്ടും എൻഡിഎ സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
2011 തൃക്കാര മണ്ഡലം രൂപീകരിക്കപ്പെടുന്നത്. അന്ന് ബെന്നി ബെഹനാൻ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ചുവന്നത്. സിപിഎമ്മിന്റെ എംഇ ഹസൈനാരെ 22,406 വോട്ടുകൾക്കായിരുന്നു ബെന്നി ബെഹനാൻ തോൽപിച്ചത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച വിവാദത്തിന് ശേഷം, പിടി തോമസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു. അന്ന് സിപിഎം രംഗത്തിറക്കിയത് അഡ്വ സെബാസ്റ്റ്യൻ പോളിനെ ആയിരുന്നു. ബെന്നി ബെഹനാന് കിട്ടിയ ഭൂരിപക്ഷത്തേക്കാൾ പതിനായിരത്തിൽ പരം വോട്ടുകളുടെ കുറവായിരുന്നു പിടി തോമസിന്റെ ഭൂരിക്ഷം. അതിന് ശേഷം 2021 ലും തൃക്കാര മണ്ഡലം പിടി തോമസിന് തന്നെ നൽകാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇടതുസ്വതന്ത്രനായി ഡോ കെജെ ജേക്കബ് എത്തിയപ്പോൾ, സാമുദായിക സമവാക്യങ്ങളൊന്നും സിപിഎമ്മിനെ തുണച്ചില്ല. ആഞ്ഞടിച്ച ഇടത് തരംഗത്തിലും തൃക്കാക്കര പിടി തോമസിനൊപ്പം നിന്നു. 2016 ലേതിനേക്കാൾ ഭൂരിപക്ഷം ഉയർത്താനും പിടി തോമസിന് സാധിച്ചിരുന്നു.