Thrissur Medical College: ഹൃദയം തുറന്നില്ല പക്ഷെ, രോഗിയുടെ ഹൃദയ വാല്‍വ് മാറ്റിവച്ചു; 74കാരിക്ക് പുതുജീവനേകി തൃശൂര്‍ മെഡിക്കല്‍ കോളേജ്
Thrissur Medical College: കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായിട്ടാണ് നടത്തിയത്
ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങള്‍ ഇല്ലാതെ വാല്‍വ് മാറ്റിവയ്ക്കുക എന്നത് രോഗികള്‍ക്ക് വളരെയേറെ ഗുണപ്രദമാണ്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായിട്ടാണ് നടത്തിയത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. നടക്കുമ്പോള്‍ കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധം കെട്ടുവീഴല്‍ എന്നീ രോഗലക്ഷണങ്ങളോട് കൂടിയാണ് 74 വയസുകാരി മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഒപിയില്‍ വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇവരുടെ ഹൃദയത്തിന്റെ അകത്തുള്ള അയോര്‍ട്ടിക് വാല്‍വ് വളരെ അധികം ചുരുങ്ങിയതായി കണ്ടെത്തി.
ഹൃദയം ശരീരത്തിലേക്ക് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുമ്പോള്‍ അയോര്‍ട്ടിക് വാല്‍വിലൂടെ വേണം കടന്നു പോവാന്‍. അതിനാല്‍ ആ വാല്‍വ് ചുരുങ്ങിയാല്‍ ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും വേണ്ട വിധം രക്തം പമ്പ് ചെയ്ത് എത്തിക്കാനാവില്ല. നെഞ്ചും ഹൃദയവും തുറന്ന് ചുരുങ്ങിയ വാല്‍വ് മുറിച്ചു മാറ്റി കൃത്രിമ വാല്‍വ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ. ഈ രോഗിക്കും ഇപ്രകാരമുള്ള ചികിത്സ നിര്‍ദേശിച്ചെങ്കിലും പ്രായാധിക്യം, ശാരീരികാവശത എന്നിവ മൂലം അവര്‍ക്ക് അതിന് സാധിക്കുമായിരുന്നില്ല. അതിനാല്‍ സര്‍ജറി അല്ലാത്ത ടിഎവിആര്‍ (TRANS CATHETER AORTIC VALVE REPLACEMENT) എന്ന ചികിത്സ രോഗിയും ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് നിശ്ചയിച്ചു.
നെഞ്ചോ, ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിലൂടെ കത്തീറ്റര്‍ എന്ന ഒരു ട്യൂബ് കടത്തി, ഒരു ബലൂണ്‍ ഉപയാഗിച്ച് ചുരുങ്ങിയ വാല്‍വ് വികസിപ്പിക്കുകയും തുടര്‍ന്ന് മറ്റൊരു കത്തീറ്റര്‍ ട്യൂബിലൂടെ കൃത്രിമ വാല്‍വ് ഹൃദയത്തിലേക്ക് എത്തിച്ച് അവിടെ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ടിഎവിആര്‍ ചികിത്സ. ചികിത്സാ സമയത് രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകാവുന്ന തരത്തില്‍ രക്തധമനി പൊട്ടാനോ, ഹൃദയമിടിപ്പ് നിലച്ചു പോകാനോ, ഹൃദയത്തിലേക്കുള്ള രക്തധമനി അടഞ്ഞു പോകാനോ, കൃത്രിമ വാല്‍വ് ഇളകിപ്പോകാനോ സാധ്യതയുണ്ട്. അതിനാല്‍ ചികിത്സാ വേളയില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.
ഈ രോഗിയുടെ അയോര്‍ട്ടിക് വാല്‍വ് ജന്മനാ വൈകല്യമുള്ളതും, കാല്‍സ്യം അടിഞ്ഞുകൂടി കട്ടിയുള്ളതുമായതിനാല്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണമായിരുന്നു. അപകട സാധ്യതകള്‍ ഒഴിവാക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്ത ശേഷം കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാര്‍ഡിയോളജിയിലെ ഡോക്ടര്‍മാരായ ആന്റണി പാത്താടന്‍, ബിജിലേഷ്, ഹരികൃഷ്ണ, നിതിന്‍, എന്നിവരും അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ അമ്മിണികുട്ടി, അരുണ്‍ വര്‍ഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവരും ചേര്‍ന്ന് ഈ ചികിത്സ മൂന്നു മണിക്കൂറോളം നേരമെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കി. ഡോ. ഷഫീക്ക് മട്ടുമ്മലും ചികിത്സയെ സഹായിച്ചു. കാത്ത് ലാബ് ടെക്നീഷ്യന്മാരായ അന്‍സിയ, അമൃത, നഴ്‌സുമാരായ ബീന പൗലോസ്, രജനി, മീത്തു എന്നിവരും ഇതില്‍ പങ്കെടുത്തു. വേണ്ടി വന്നാല്‍ ഉടനടി ശസ്ത്രക്രിയ ചെയ്യാന്‍ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. അഷ്റഫ് തയ്യാറായി കൂടെ നിന്നു. ചികിത്സയ്ക്ക് ശേഷം നടത്തിയ പരിശോധനകളില്‍ വാല്‍വ് വളരെ നന്നായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. രോഗി സുഖം പ്രാപിച്ചു വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.