തൃശൂ‍ർ: ആവേശം കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് ഇത്തവണ രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തിയത്. നാല് വർഷങ്ങൾക്ക് ശേഷമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിൻറെ ഭാഗമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജകീയമായിരുന്നു രാമചന്ദ്രന്റെ പൂരനഗരിയിലേക്കുള്ള എഴുന്നള്ളത്ത്. നാലു വർഷങ്ങൾക്ക് മുമ്പ് പൂരത്തലേന്ന് വിളംബരം നടത്തി മടങ്ങാനുള്ള നിയോഗം മാത്രമുണ്ടായിരുന്ന രാമൻ ഇത്തണ തിടമ്പേറ്റി ഘടക പൂരത്തിനെത്തിയത് ആരാധകർക്ക് ഇരട്ടി ആഹ്ളാദമായി. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്ന് പൂരം പുറപ്പെട്ടതോടെ പിന്നാലെ കൂടിയ പുരുഷാരം പൂരനഗരയിൽ എത്തിയതോടെ ആർത്തലക്കുന്ന അലകടൽ കണക്കെയായി. 


ALSO READ: നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരമിറങ്ങി; തൃശൂർ പൂരത്തിൻറെ ചടങ്ങുകൾക്ക് തുടക്കം


തേക്കിൻകാടിന്റെ വിവിധ ഭാഗങ്ങളിൽ പൂരത്തിൽ അലിയുകയായിരുന്നവർ തെച്ചിക്കോടിന് അടുത്തേക്ക് ഒഴുകിയെത്തി. ആർപ്പുവിളികളോടെ  ജനം അടുത്തുകുടിയപ്പോൾ ഗജവീര ​പ്രൗഡിയിൽ രാമചന്ദ്രൻ നിലയുറപ്പിച്ചു. 2019 ലാണ് ഇതിന് മുമ്പ് തെച്ചിക്കോട്ടുകാവ് പൂരത്തിന്റെ ഭാഗമായത്. അന്ന് പൂരവിളംബരമറിയിക്കുന്നതിനാണ് എത്തിയത്.


രാമൻറെ വരവിന് പിന്നാലെ പൂരനഗരിയിൽ കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിൽ പൂരപ്രേമികൾ സ്വയം മറന്നാണ് ആടിത്തിമിർത്തത്. ആയിരക്കണക്കിന് പൂരപ്രേമികളാണ് ഈ സമയം പൂരനഗരിയിലേയ്ക്ക് ഒഴുകിയെത്തിയത്. തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരായിരുന്നു പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിൻറെ നേതൃത്വത്തിലായിരുന്നു മഠത്തിൽവരവ് പഞ്ചവാദ്യം. മഠത്തിൽവരവ് പഞ്ചവാദ്യം അവസാനിച്ചതോടെ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറി. നാലരയോടെയാണ് ഇലഞ്ഞിത്തറമേളം അവസാനിച്ചത്.  


കഴിഞ്ഞ ദിവസം പൂരപ്രേമികളെ ആവേശത്തിലാക്കിയ സാമ്പിൾ വെടിക്കെട്ട് നടന്നിരുന്നു. വാനിൽ വർണ്ണ വിസ്മയമൊരുക്കിയ തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിൽ പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ ഇത്തവണയും നിരവധി വ്യത്യസ്തകൾ പരീക്ഷിച്ചാണ് പൂരപ്രേമികളുടെ മനസ് കീഴടക്കിയത്. പതിനായിരക്കണക്കിന് പൂരപ്രേമികളാണ് ഇരു വിഭാഗങ്ങളുടേയും മത്സരം കാണാൻ ആംകാക്ഷയോടെ കാത്തുനിന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തത് ആശങ്കയായിരുന്നെങ്കിലും സാമ്പിൾ വെടിക്കെട്ട് സമയത്ത് മഴ മാറി നിന്നത് ആശ്വാസമായി.


തിരുവമ്പാടിയും പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കാണികൾ ആവേശത്തിലായി. 7.25ഓടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. പെസോയുടെ കർശന നിയന്ത്രണത്തിലായിരുന്നു സാമ്പിൾ വെടിക്കെട്ട് നടന്നത്. സാമ്പിൾ വെടിക്കെട്ടിൽ 2000 കിലോ വീതമാണ് ഓരോ വിഭാഗത്തിനും പൊട്ടിക്കാനുള്ള അനുമതി നൽകിയിരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.