തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് രാത്രി; നഗരത്തിൽ ഗതാഗത നിയന്ത്രണം
പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്
തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിയോടെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായാണ് റിപ്പോർട്ട്. വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടത്തിയിട്ടുണ്ട്. പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം രാവിലെയോടെ തുടങ്ങും. പൂരത്തിൽ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദർശിപ്പിക്കും. റവന്യൂ മന്ത്രി കെ രാജൻ തിരുവമ്പാടിയുടെ ചമയ പ്രദർശനം ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപി എം.പിയാണ് പാറമേക്കാവിന്‍റെ ചമയപ്രദർശനം ഉദ്ഘാടനം ചെയ്യുന്നത്.
നാളെയും പ്രദർശനങ്ങളുണ്ടാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ നാളെ പ്രദർശനം കാണാൻ എത്തുമെന്നാണ് റിപ്പോർട്ട്. തൃശൂര്‍ പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പൂര നാളുകളില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും 5000 പൊലീസുകാരെ വിന്യസിക്കാൻ പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമായി. മുൻവര്‍ഷങ്ങളിൽ പൂര നാളുകളിൽ ഏതാണ്ട് 10 ലക്ഷത്തോളം ആളുകളാണ് പൂരനഗരിയിലെത്തിയിരുന്നത്. രണ്ടു വര്‍ഷത്തെ കൊവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം പൂരം നടക്കുമ്പോള്‍ 40 ശതമാനത്തോളം അധികം ആളുകള്‍ എത്തുമെന്നാണ് ഇൻറലിജൻസ് റിപ്പോര്‍ട്ട്. ഇത് കണക്കിലെടുത്താണ് വൻ സുരക്ഷ സന്നാഹങ്ങൾ പൊലീസ് ഒരുക്കുന്നത്.
തിരക്ക് കൂടുന്ന ഇടങ്ങളിലെല്ലാം പൊലീസ് സേനയെ വിന്യസിക്കും. പൂരനാളുകളിൽ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കും. തൃശൂര്‍ റൗണ്ടിലെ അപകടനിലയിലുള്ള കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകള്‍ കയറിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം ഇവിടെ പൊലീസ് സുരക്ഷയും ശക്തമാക്കും. റൗണ്ടിലെ പെട്രോള്‍ പമ്പുകള്‍ പൂരം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. മെയ് നാലാം തിയതിയായിരുന്നു പൂരം കൊടിയേറിയത്.
ആദ്യം പാറമേക്കാവിലും, തുടര്‍ന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റം നടന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകൾ നടന്നിരുന്നു. നാലാം തിയതി രാവിലെ ഒമ്പതേ മുക്കാലോടെ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു ആദ്യം പൂരം കൊടിയേറിയത്. തുടർന്ന് പങ്കാളികളായ 8 ഘടകക്ഷേത്രങ്ങളിലും പൂരം കൊടിയേറും. കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് പെരുവനത്തിന്‍റെ നേതൃത്വത്തിൽ പാണ്ടി കൊട്ടി കൊക്കർണ്ണിയിൽ ആറാടി തിരികെയെത്തും. ബ്രഹ്മസ്വം മഠത്തിലായിരുന്നു തിരുവമ്പാടി ഭഗവതിയുടെ ആറാട്ട്. മെയ് 10നാണ് തൃശൂർ പൂരം.കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...