രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം: ഗതാഗതക്കുരുക്കില്‍ പെട്ട് പരീക്ഷ എഴുതാനാവാതെ ഉദ്യോഗാര്‍ത്ഥികള്‍
കേരളാ പബ്ലിക് സർവീസ് കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ നടത്തിയ ലാസ്‌റ്റ് ഗ്രേഡ് പരീക്ഷയിൽ പങ്കെടുപ്പിച്ചില്ലെന്ന പരാതിയുമായി ഉദ്യോഗാർത്ഥികൾ.
തിരുവനന്തപുരം: കേരളാ പബ്ലിക് സർവീസ് കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ നടത്തിയ ലാസ്‌റ്റ് ഗ്രേഡ് പരീക്ഷയിൽ പങ്കെടുപ്പിച്ചില്ലെന്ന പരാതിയുമായി ഉദ്യോഗാർത്ഥികൾ.
തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിൽ പരീക്ഷ എഴുതാനെത്തിയ നൂറിലധികം ഉദ്യോഗാർത്ഥികളെയാണ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് ക്ലാസിൽ ഹാജരാകണമെന്നാണ് പി.എസ്.സിയുടെ നിർദ്ദേശം. രണ്ട് മണിയ്ക്ക് തുടങ്ങുന്ന പരീക്ഷയ്ക്ക് 1:30ന് എത്തിയ ഉദ്യോഗാർത്ഥികളെപ്പോലും പങ്കെടുപ്പിച്ചില്ലെന്നാണ് ആരോപണം.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തോടനുബന്ധിച്ചു തലസ്ഥാനത്തെ റോഡുകളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണത്തിന്‍റെ ഭാഗമായി വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടതും കടുത്ത ട്രാഫിക് ബ്ളോക്കും മൂലമാണ് പലർക്കും കൃത്യ സമയത്തു പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കഴിയാതിരുന്നത്.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് ഉദ്യോഗാർത്ഥികളിലേറെയും. അതിരാവിലെ തന്നെ വീടുകളിൽ നിന്നും പുറപ്പെട്ട ഇവർക്ക് അഞ്ച് മണിക്കൂറിലേറെ സമയമെടുത്താണ് തിരുവനന്തപുരത്തെത്താൻ കഴിഞ്ഞതെന്നും പറയുന്നു. ശരാശരി മൂന്ന് മണിക്കൂർകൊണ്ട് എത്താവുന്നയിടത്താണ് അഞ്ച് മണിക്കൂർ വേണ്ടിവന്നതെന്നും റോഡിൽ അത്രമാത്രം ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം സ്‌കൂൾ മാനേജ്‌മെന്‍റിനെ ധരിപ്പിച്ചെങ്കിലും പരീക്ഷ എഴുതാൻ അനുവദിച്ചില്ല എന്ന് പരീക്ഷയ്ക്കായി എത്തിയ ഉദ്യോഗാർത്ഥി റെജീന പറയുന്നു.
ഉദ്യോഗാർഥികളുടെ എണ്ണത്തിൽ പിഎസ് സി നടത്തുന്ന ഏറ്റവും വലിയ പരീക്ഷയിൽ ഒന്നാണ് ലാസ്റ്റ് ഗ്രേഡ് സർവീസ്. ഏകദേശം അഞ്ച് ലക്ഷത്തിലധികം പേരാണ് വിവിധ ജില്ലകളിലായി ഈ പരീക്ഷ എഴുതുന്നത്. കുഞ്ഞുങ്ങളെയുംകൊണ്ട് പ്രായമായ അച്ഛനമ്മമാർക്കൊപ്പമാണ് വനിതാ ഉദ്യോഗാർത്ഥികൾ ഈ പരീക്ഷയ്ക്കായി എത്തിയിരുന്നത്. പരീക്ഷ എഴുതാൻ കഴിയാത്തവർ കടുത്ത പ്രതിഷേധത്തിലാണ്.