തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തില്‍ പിഴത്തുക കുറയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതൊക്കെ തരത്തിലുള്ള പിഴയാണ് കുറയ്ക്കാന്‍ കഴിയുക എന്ന് കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 


കൂടാതെ, പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. 


ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വന്ന പുതുക്കിയ ഗതാഗത നിയമം രാജ്യമൊട്ടുക്ക് കടുത്ത പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. ഗുജറാത്തിലടക്കം നിരവധി സംസ്ഥാനങ്ങള്‍ പുതുക്കിയ ഗതാഗത നിയമം പാലിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. 


ഗുജറാത്ത് പിഴത്തുക കുറച്ചത് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി എന്നുവേണം പറയാന്‍. ഇതോടെ പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. 


ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതി. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെയാണ് വര്‍ധനവ്. 


ഹെല്‍മറ്റില്ലാതെ നിരത്തിലിറങ്ങുന്നതുമുതല്‍, രണ്ടില്‍ക്കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്നതിനുമെല്ലാം ഇനി വലിയ വില നല്‍കേണ്ടി വരും. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ ഇനി 1000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുന്നതിന് ഇതുവരെ 2000 രൂപവരെയായിരുന്നു പിഴയെങ്കില്‍ ഇനി മുതല്‍ ചുരുങ്ങിയത് 2000 മുതല്‍ 10,000 രൂപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ വര്‍ദ്ധിക്കുകയും ചെയ്യും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 10,000 രൂപ വരെ പിഴയീടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്താല്‍ 1000 രൂപ. ഡ്രൈവി൦ഗ് ലൈസന്‍സ് കൈവശമില്ലെങ്കില്‍ 5,000 രൂപയും വാഹന ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ 2000 രൂപ തുടങ്ങിയവയാണ് പുതുക്കിയ ഭേദഗതിയിലെ പ്രധാനമായതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍. 


പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷാകര്‍ത്താവ് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. അതേസമയം, വാഹനമോടിയച്ചയാള്‍ക്ക് 25 വയസാകാതെ ലൈസന്‍സ് നല്‍കുകയുമില്ല.