`പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല`; വിശ്വനാഥന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
വിശ്വനാഥന്റെ മരണത്തിൽ ഇതുവരെയും പ്രതികളെ കണ്ടെത്താനായില്ലെന്നും മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം നൽകിയ പരാതിയിൽ അന്വേഷണം തുടരുകയാണെന്നും റിപ്പോട്ടിൽ പറയുന്നു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ സംഘം മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ ആണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് കൈമാറിയത്. വിശ്വനാഥന്റെ മരണത്തിൽ ഇതുവരെയും പ്രതികളെ കണ്ടെത്താനായില്ല. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം നൽകിയ പരാതിയിൽ അന്വേഷണം തുടരുകയാണ്.
ആശുപത്രിക്കു സമീപം ആളുകള്‍ കൂടിനില്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിൽ നിന്നും ലഭ്യമായിട്ടുണ്ട്. ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയുടെ കൂടി അടിസ്ഥാനത്തിൽ ആകും തുടർ നടപടി. സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞ എട്ടുപേര്‍ ഉള്‍പ്പടെ 100 ലധികം പേരുടെ മൊഴി എടുത്തിട്ടുണ്ട്. ഇനിയും കുറച്ചു പേരെക്കൂടി തിരിച്ചറിയാനുണ്ടെന്നും റിപ്പോര്‍ട്ടിൽ വ്യകതമാക്കുന്നു. അതേസമയം അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
Also Read: Crime News: വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ വിശ്വനാഥനെ മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് ചിലർ ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആളുകൾ ഏതെങ്കിലും തരത്തിൽ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുകയാണ്.
അതേസമയം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ നിന്ന് വിശ്വനാഥന്റെ ഷർട്ട് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു പോക്കറ്റിൽ ആകെ ഉണ്ടായിരുന്നത്. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കൾ ആദ്യഘട്ടത്തിൽ ഉന്നയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...