തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ എന്‍ജിഒ യൂണിയന്‍റെ രണ്ട് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശോകന്‍, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇനി 13 പേര്‍ പിടിയിലാകാനുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച രാവിലെ ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റാണ് അശോകന്‍. ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റിലെ അറ്റന്‍ഡറാണ്‌ ഹരിലാല്‍. ഇരുവരെയും ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. 


ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നലെ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.


സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബ്രാഞ്ചിലായിരുന്നു സമരക്കാരുടെ അക്രമം. മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകര്‍ത്തു. 


കന്റോണ്‍മെന്റ് പൊലീസിന് മാനേജര്‍ പരാതി നല്‍കിയിരുന്നു. പ്രകോപനമില്ലാതെയാണ് സമരക്കാര്‍ ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. ജീവനക്കാരെ സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തിയെന്നും മാനേജര്‍ പ്രതികരിച്ചു.