ADGP-RSS meeting controversy: `എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം വേണമെന്ന് പറയാനുള്ള മിനിമം ധൈര്യം കാണിക്കണം`: സിപിഐക്കെതിരെ എംഎം ഹസന്‍
ADGP-RSS Leaders Meeting: എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും അതിന്റെ വിവരം വിശദീകരിക്കണമെന്നുമുള്ള ദുര്‍ബലമായ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയതെന്ന് എംഎം ഹസന്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം വേണമെന്ന് പറയാനുള്ള മിനിമം ധൈര്യം സിപിഐ കാട്ടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സിപിഐയെ തകര്‍ക്കുന്നതില്‍ ഗൂഢാലോചന നടത്തിയ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പൂരം കലക്കിയതില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് പറയാനുള്ള മിനിമം ധൈര്യം സിപിഐ കാണിക്കണം. സിപിഐയെ തൃശൂരില്‍ ഇരയാക്കിയതിന്റെ കാരണക്കാരനായ എഡിജിപിയെയാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് കെപിസിസി ആസ്ഥാനത്ത് മാധ്യങ്ങളോട് സംസാരിക്കവേ എംഎം ഹസൻ പറഞ്ഞു.
ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായിട്ട് പോലും ശക്തമായ നിലപാട് സ്വീകരിക്കാന്‍ സിപി ഐക്ക് കഴിയുന്നില്ല. ഇത്തരം അവഗണനയ്‌ക്കെതിരെ മുന്‍പ് ശക്തമായി പ്രതികരിച്ച പാരമ്പര്യമാണ് സിപിഐയുടേത്. സിപിഐയുടെ ഗതികേടാണ് ഏറെ പരിതാപകരം. സിപിഎം-ആര്‍എസ്എസ് ബന്ധത്തിന്റെ ഇരയാണ് സിപിഐ. എന്നിട്ടും ശക്തമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കാവുന്നില്ല. എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും അതിന്റെ വിവരം വിശദീകരിക്കണമെന്നുമുള്ള ദുര്‍ബലമായ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയതെന്നും എംഎം ഹസന്‍ കുറ്റപ്പെടുത്തി.
സിപിഐയെ ഇതുപോലെ അപമാനിച്ചതും ദ്രോഹിച്ചതുമായ കാലഘട്ടം ഉണ്ടായിട്ടില്ല. ഇടുതുമുന്നണിയിലെ തിരുത്തല്‍ കക്ഷിയെന്ന് അവകാശപ്പെട്ട സിപിഐ ഇപ്പോള്‍ കരച്ചില്‍ കക്ഷിയായി അധപതിച്ചു. ഇടതുമുന്നണിയുടെ ആട്ടുംതുപ്പുമേറ്റ്, ആദര്‍ശങ്ങള്‍ പണയപ്പെടുത്തി വ്യക്തിത്വം നഷ്ടപ്പെട്ട പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരുന്ന സിപിഐയോടുള്ളത് സഹതാപം മാത്രമാണ്. ഇടതുമന്നണിയുടെ ഇടനാഴിയില്‍ കിടന്ന് ആട്ടുംതുപ്പുമേല്‍ക്കാന്‍ സിപിഐക്ക് കഴിയില്ലെന്നാണ് മുന്‍പ് ഇടതുമുന്നണി വിടാന്‍ ടിവി തോമസ് തന്റേടത്തോടെ പറഞ്ഞതെന്നും എംഎം ഹസന്‍ പറഞ്ഞു.
ALSO READ: ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി; ഒടുവിൽ സമ്മതിച്ച് എഡിജിപി
ബിജെപി, ആര്‍എസ്എസ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനപ്രകാരം ഇന്ത്യ സഖ്യത്തില്‍ അംഗമായ പാര്‍ട്ടിയാണ് സിപിഐ. ഇന്ത്യ സഖ്യത്തിന്റെയും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച് ആര്‍എസ്എസുമായി സിപിഎം ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ സിപിഐ ഇടതുമുന്നണി വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നതില്‍ ആത്ഭുതമില്ലെന്നും എംഎം ഹസന്‍ പറഞ്ഞു.
സിപിഐയുടെ രണ്ടു സീറ്റികളില്‍ സിപിഎമ്മും ബിജെപിയും അന്തര്‍ധാരയുണ്ട്. പിണറായി-മോദി അഡ്ജസ്റ്റുമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ചൂണ്ടിക്കാണിച്ചപ്പോഴും കോണ്‍ഗ്രസിനെ പരിഹസിച്ചവരാണ് സിപിഐ. പൂരം കലക്കി സിപിഎം തൃശൂര്‍ സീറ്റ് സ്വര്‍ണ്ണത്തളികയില്‍ വെച്ച് ബിജെപിക്ക് സമ്മാനിച്ചു. പൂരം കലക്കിയതില്‍ നടത്തിയ അന്വേഷണം വെറും പ്രഹസനമായിരുന്നു. അന്വേഷണ ചുമതല എഡിജിപി അജിത്കുമാറിന് നല്‍കിയത് കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിച്ചത് പോലെയായിരുന്നുവെന്നും ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് പുറം ലോകം കണ്ടിട്ടില്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിക്കുകയും നിലപാട് സ്വീകരിക്കാതെ ഒളിച്ചോടുകയും ചെയ്തുവെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെയും എംഎംഹസന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മാനസപുത്രനും പ്രതിനിധിയുമായാണ് എഡിജിപി ആര്‍എസ്എസ് നേതൃത്വത്തെ കണ്ടത്. അതില്‍ തെറ്റെന്താണെന്ന് ചോദിക്കുന്ന സിപിഎം സെക്രട്ടറിയാണ് മുന്‍പ് കേരള ഗവര്‍ണ്ണര്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭഗവതിനെ കണ്ടപ്പോള്‍ ഉറഞ്ഞുതുള്ളിയത്.
ALSO READ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; മുഖ്യമന്ത്രിയെ കണ്ട് ഡിജിപി
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിയാണ് ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെയെയും റാം മാധവിനെയും കണ്ടത്. ഇപ്പോള്‍ മുന്‍നിലപാടില്‍ നിന്ന് വ്യത്യസ്തമായി എഡിജിപി മുഖ്യമന്ത്രിക്ക് വേണ്ടി നടത്തിയ ആര്‍എസ്എസ് കൂടിക്കാഴ്ചയെ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ന്യായീകരിക്കുകയാണ്. ഈ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിക്കാന്‍ പോലും സിപിഎമ്മും മുഖ്യമന്ത്രിയും തയ്യാറാകുന്നില്ലെന്നും ഇത് പരിഹാസ്യമാണെന്നും എംഎം ഹസന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ പി.വി അന്‍വര്‍ എംഎല്‍എ നടത്തിയ ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് പറഞ്ഞ യുഡിഎഫ് കണ്‍വീനര്‍ നേരത്തെയും ഇത്തരം വെടി അന്‍വര്‍ പൊട്ടിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ ആരോപണത്തില്‍ എന്തെങ്കിലും വസ്തുത ഉണ്ടായിരുന്നെങ്കില്‍ അന്‍വര്‍ ആദ്യം തന്നെ ഇക്കാര്യം ഉന്നയിച്ചേനെ. അന്‍വര്‍ സമീപകാലത്ത് എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളുടെ മുന മുഖ്യമന്ത്രിക്കെതിരെയാണ്.
അതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍, അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ പ്രതിപക്ഷനേതാവിനെതിരെയും ഒരു ആരോപണം തട്ടിയതാണ്. മുഖ്യമന്ത്രിയിലേക്കുള്ള ചോദ്യങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.