യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിന് ചേരും; കോൺഗ്രസിലെ തർക്കങ്ങളും കെ റെയിൽ പ്രതിഷേധവും ചർച്ചയ്ക്ക്
കെ റെയിൽ കല്ലിടലിനെതിരെ ഇപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം കൂടുതൽ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്യും.
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങളടക്കം ചർച്ച ചെയ്യാനും കെ.റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ തുടർ പരിപാടികൾ എന്തൊക്കെ വേണം എന്ന് തീരുമാനിക്കുന്നതിനുമായി യുഡിഎഫ് ഏകോപന സമിതി യോഗം ഈ മാസം എട്ടിന് ചേരും. കെ റെയിൽ കല്ലിടലിനെതിരെ ഇപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം കൂടുതൽ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്യും.
ഇതോടൊപ്പം സമകാലിക രാഷ്ട്രീയസ്ഥിതിഗതികളും യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം വിലയിരുത്തുമെന്ന് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു. എട്ടിന് രാവിലെ 10ന് കന്റോണ്‍മെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മെമ്പർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ടുളള തർക്കങ്ങളും കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് സംബന്ധിച്ചുളള വിഷയങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന.
രമേശ് ചെന്നിത്തല സോണിയാഗാന്ധിയെ കണ്ടതും, പുതിയ നേതൃത്വത്തിലെ അതൃപ്തിയുമൊക്കെ ചർച്ചയായേക്കും. പ്രധാനമായും കെ റെയിൽ വിരുദ്ധ തുടർ പ്രക്ഷോഭ പരിപാടികൾ എന്തൊക്കെ വേണം എന്നതടക്കമുളള കാര്യങ്ങൾ തീരുമാനിക്കും. സർക്കാരിനെതിരെ ആഞ്ഞടിക്കാനുളള അവസരം നന്നായി പ്രയോജനപ്പെടുത്തണം എന്ന നിലപാടിലാണ് പ്രധാനമായും നേതാക്കൾ. കെ സി വേണുഗോപാലിന്‍റെ അനാവശ്യ ഇടപെടലുകളും മറ്റും ചെന്നിത്തല സോണിയാഗാന്ധിയെ ധരിപ്പിച്ചിരുന്നു. ഇതെല്ലാം ചർച്ച ചെയ്യാനുളള സാധ്യതയുണ്ട്.
കെ റെയിൽ വിഷയത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള സാധ്യത നിലനിൽക്കെ അതിനുളള അവസരം നൽകാതെയുളള പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനമുണ്ട്. ഇവയെല്ലാം തന്നെ യോഗത്തിൽ ചർച്ചയാകും. പ്രധാനമായും മെമ്പർഷിപ്പ് ക്യാംപെയിനിലുണ്ടായ ആശയക്കുഴപ്പവും ചർച്ച ചെയ്യും. സമകാലിക രാഷ്ട്രീയ സ്ഥിതിഗതികളാകും യോഗം വിലയിരുത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA