കേരള പിറവിയായ നവംബര്‍ 1 വഞ്ചനാദിനമായി ആചരിക്കാന്‍ UDF ആഹ്വാനം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയെന്ന ആരോപണവുമായി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ൦ രംഗത്ത്... കേരള പിറവിയായ നവംബര്‍ 1 വഞ്ചനാദിനമായി (Betrayal Day) ആചരിക്കാന്‍ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) ആഹ്വാനം ചെയ്തു.
Thiruvananthapuram: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയെന്ന ആരോപണവുമായി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ൦ രംഗത്ത്... കേരള പിറവിയായ നവംബര്‍ 1 വഞ്ചനാദിനമായി (Betrayal Day) ആചരിക്കാന്‍ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) ആഹ്വാനം ചെയ്തു.
കോവിഡിനെതിരെ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ, പരസ്യകോലാഹലങ്ങള്‍ക്ക് ഇടം കൊടുത്ത സര്‍ക്കാര്‍ പ്രതിസന്ധിഘട്ടത്തില്‍ ഒന്നും ചെയ്യാനാവാതെ നട്ടം തിരിയുന്ന കാഴ്ചയാണ് കാണേണ്ടി വന്നിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസിനെ ഉപയോഗിച്ചല്ല കൊവിഡിനെ നേരിടേണ്ടത് എന്നും അദ്ദേഹം വിമര്‍ശിച്ചു.
കോവിഡ് 19 (COVID-19) പ്രതിരോധം ഒരു രാഷ്ട്രീയപ്രചരണ ആയുധമാക്കി മാറ്റാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ കേരളം ഇതാ കോവിഡിനെ തോല്‍പ്പിച്ചു എന്നു പ്രചരണം നടത്താനായിരുന്നു സര്‍ക്കാറിന് ഉത്സാഹം. മാരത്തണ്‍ മത്സരത്തിന്‍റെ ആദ്യ നൂറു മീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ കപ്പ് കിട്ടിയതായി സര്‍ക്കാരും ഒപ്പമുള്ളവരും ആര്‍ത്തുവിളിച്ചു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കേരളത്തിന് പുറത്തുള്ള മലയാളികള്‍ അന്ന് നേരിട്ട ദുരിതത്തിന് കണക്കില്ലായിരുന്നു. അമ്പലക്കുരങ്ങനും തെരുവുപട്ടിക്കും ഭക്ഷണം നല്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് രോഗികളെ പുഴുവരിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു.
ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. ആരോഗ്യവകുപ്പിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ആംബുലന്‍സിലെ ഡ്രൈവര്‍ മണിക്കൂറുകളോളം വാഹനം നിര്‍ത്തിയിട്ട് കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇപ്പോളിതാ ഒരു ഡോക്ടര്‍ക്ക് കോവിഡ് രോഗികളുടെ ജീവനെടുക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് മാധ്യമങ്ങളുടെ മുന്നില്‍ തുറന്ന് പറഞ്ഞ് പൊട്ടിക്കരയേണ്ടി വന്നു.
വ്യാജപ്രചാരണങ്ങളില്‍ അഭിരമിക്കാതെ സര്‍ക്കാര്‍ സത്യസന്ധമായി ഇടപെട്ടിരുന്നുവെങ്കില്‍ ഈ ദുരിതം വലിയൊരു അളവ് വരെ കുറയ്ക്കാമായിരുന്നുവെന്നും രോഗത്തെപ്പോലും പരസ്യപ്രചാരണത്തിനുപയോഗിച്ച പിണറായി വിജയന്‍ (Pinarayi Vijayan) സര്‍ക്കാരിനെതിരെ നവംബര്‍ 1ന് യുഡിഎഫ് (UDF) വഞ്ചനാദിനം ആചരിക്കുമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
Also read:കോവിഡ് കാലത്ത് ഖജനാവ് നിറച്ച് Baba Ramdev,വിറ്റഴിച്ചത് 241 കോടിയുടെ കൊറോണില്‍ കിറ്റ്!
മുന്‍പ്, ശബരിമലയില്‍ വിശ്വാസികളെ വഞ്ചിച്ചതിന് നവംബര്‍ 1ന് വഞ്ചാനദിനമായി ആചരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.