കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട സംഭവത്തിൽ നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നി​ഗോഷ് കുമാറിനാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകി. പ്രതികളുടെ ജാമ്യ അപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തിനിടയാക്കിയ താൽക്കാലിക സ്റ്റേജ് നിർമിച്ചത് അശാസ്ത്രീയമായാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പോലീസ് ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും 62,000 രൂപ സംഘടകർ അടച്ചിരുന്നുവെന്നുമുള്ള ഡിസിപിയുടെ റിപ്പോർട്ട് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.


അതേസമയം, സ്റ്റേഡിയത്തിൽ താത്കാലിക നിർമാണത്തിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ സംഘാടകർ ലംഘിച്ചുവെന്നും നിർമാണം അശാസ്ത്രീയമായിരുന്നുവെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സ്റ്റേജ് ഉറപ്പിച്ചിരുന്നത് സിമന്റ് കട്ടകളിലാണെന്നും ഇത് കാരണം സ്റ്റേജ് തകരാൻ സാധ്യതയുണ്ടായിരുന്നുവെന്നും സ്റ്റേജിന് കുലുക്കം ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 


പാലാരിവട്ടം പൊലീസ് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ എം നിഗോഷ് കുമാര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.


അതേസമയം, കൊച്ചിയിലെ പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന് ചൂണ്ടിക്കാണിച്ച് കൂടുതല്‍ ആളുകള്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൃദംഗ വിഷന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാൻ പോലീസ് തീരുമാനം കൈക്കൊണ്ടത്. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും മൃദംഗ വിഷന്‍റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ആദായ നികുതി വകുപ്പും ഇവരുടെ പണമിടപാടുകള്‍ പരിശോധിക്കുന്നുണ്ട്.


സംഘാടകരായ മൃദംഗവിഷനുമായി സഹകരിച്ച മറ്റ് ഏജന്‍സികളുടേയും വ്യക്തികളുടേയും മൊഴികളും പോലീസ് ശേഖരിക്കും. നൃത്ത പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച്  അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പോലീസിന് തിരിച്ചടിയായിരിക്കുകയാണ്. കുറെ വര്‍ഷങ്ങളായി ദിവ്യ ഉണ്ണി അമേരിക്കയിലാണ് താമസം. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പോലീസിന്റെ നീക്കം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.