ആലപ്പുഴ:എസ്.എന്‍.ഡി.പി നേതൃത്വത്തിലെ ഭിന്നതയില്‍ വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞ് നില്‍ക്കുന്ന സുഭാഷ്‌ വാസുവിനെയും മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെയും ബിജെപി നേതൃത്വം കൈയ്യൊഴിയുന്നു. വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ വെള്ളാപ്പള്ളി നടേശനുമായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും ചര്‍ച്ച നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘപരിവാറിനോട് അടുപ്പം പുലര്‍ത്തുന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എസ്എന്‍ഡിപി യൂണിയന്‍ സുഭാഷ്‌ വാസുവിനെതിരെ നടപടിഎടുത്തിരുന്നു.


ബിഡിജെഎസ് നേതാവായിരുന്ന സുഭാഷ് വാസുവെനെതിരെ പാര്‍ട്ടിയും നടപടി എടുത്തു.ഇങ്ങനെ എസ്എന്‍ഡിപിയിലും ബിഡിജെഎസ്സിലും തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ബിജെപി അവരുടെ നിലപാട് വ്യക്തമാക്കിയത്.എന്‍ഡിഎ യുമായി ടിപി സെന്‍കുമാറിന് ബന്ധം ഇല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസ്സാണ് എന്‍ഡിഎ ഘടക കക്ഷിയെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.ഇതോടെ എന്‍ ഡി എ സുഭാഷ് വാസുവിനെയും ടിപി സെന്‍കുമാറിനെയും കൈയ്യോഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമായി.


അതേസമയം ശബരിമല പ്രക്ഷോഭത്തിലടക്കം സംഘപരിവാര്‍ നിലപാടിനോട് താല്പര്യം കാട്ടാതെ അകന്ന് നിന്ന വെള്ളാപ്പള്ളി നടേശനെ വി മുരളീധരന്‍ സന്ദര്‍ശിച്ചതിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ യില്‍ നിന്നും ബിഡിജെഎസ് സ്ഥാനാര്‍ഥിയാകും മത്സരിക്കുക എന്ന് ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി സുഭാഷ്‌ വാസുവാണ് മത്സരിച്ചത്.