കണ്ണൂര്‍: ഉള്ളിയുടെ വില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍ രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂരിലെ കാള്‍ടെക്‌സ് ജംഗ്ഷനിലായിരുന്നു വ്യത്യസ്തമായ ഈ പ്രതിഷേധം അരങ്ങേറിയത്. എന്താണ് വ്യത്യസ്തമെന്ന് ചോദിച്ചാല്‍ ബിരിയാണി ഉണ്ടാക്കാന്‍ സവാള അത്യാവശ്യ ഘടകമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ അല്ലെ.


എന്നാല്‍ ഇവിടെ ബിരിയാണി ഉണ്ടാക്കാന്‍ സവാള ഒഴിവാക്കിയാണ് പാചക തൊഴിലാളി യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഈ സമരത്തിന് രണ്ടു ലക്‌ഷ്യമുണ്ട്. 


ഒന്ന് ഉള്ളിയുടെ വില കുത്തനെ ഉയരുന്നതിനുള്ള പ്രതിഷേധവും രണ്ടാമത്തേത് ജനങ്ങളോട് ഉള്ളി ഇല്ലാതെയും ബിരിയാണി ഉണ്ടാക്കാം എന്ന ബോധവല്‍ക്കരണവും.   


സവാള ഇല്ലാതെ തക്കാളിയും, ഇറച്ചിയും മറ്റുചേരുവകളും ചേര്‍ത്ത് ബിരിയാണിക്കുള്ള മസാല തയ്യാറാക്കിവെച്ചശേഷം അരി വെന്തുവരാനുള്ള സമയത്തിനിടയ്ക്ക് പ്ലക്കാര്‍ഡുകള്‍ നിരത്തി മുദ്രാവാക്യങ്ങള്‍ മുഴക്കിയും സമരക്കാര്‍ പ്രതിഷേധം ശക്തമാക്കി.


ഉള്ളിയുടെ വില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് തങ്ങളെയാണെന്ന് പ്രതിഷേധത്തില്‍ സമരക്കാര്‍ വ്യക്തമാക്കി.


അരി പാകമായതോടെ തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചിയും മസാലയും ചേര്‍ത്ത് കൂട്ടിയിളക്കി നല്ല തലശ്ശേരി ബിരിയാണിയുണ്ടാക്കി. ശേഷം സമരത്തില്‍ പങ്കെടുത്തവര്‍ക്കും വഴിയാത്രക്കാര്‍ക്കും ബിരിയാണി നല്‍കുകയും ചെയ്തു.


ഉള്ളി വില വര്‍ധനവിനെ തുടര്‍ന്ന്‍ രാജ്യത്ത് ജനങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലാണ്. സ്വര്‍ണ്ണവും പണവും മോഷ്ടിച്ചിരുന്നിടത്ത് ഇപ്പോള്‍ ഉള്ളിയാണ് മോഷണം.  


മുംബൈയിലെ ഡോംഗ്രി മാര്‍ക്കറ്റിലെ രണ്ടു കടകളില്‍ നിന്നായി 168 കിലോ ഉള്ളിയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സിസിടിവി ദൃശ്യം ലഭിച്ചതിനെ തുടര്‍ന്ന്‍ രണ്ടുപേരെ 


പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 



Also read: മുംബൈയില്‍ ഉള്ളി മോഷണം; ദൃശ്യങ്ങള്‍ പുറത്ത്