V D Satheesan: ജനാധിപത്യം എന്നാൽ ഫോട്ടോഷൂട്ടുകളല്ല; മോദി ഏകാധിപതിയെന്ന് വി.ഡി സതീശൻ
V D Satheesan criticizes PM Modi: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെയെന്ന് വി.ഡി സതീശൻ ചോദിച്ചു.
തിരുവനന്തപുരം: പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനാധിപത്യമെന്നാൽ ഫോട്ടോഷൂട്ടുകളോ അരിയിട്ട് വാഴിക്കലുകളോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാനാണ് എല്ലാമെന്ന് വിചാരിക്കുന്നതാണ് ഏകാധിപത്യമെന്നും അങ്ങനെയുള്ളവർ ഭീരുക്കളാണെന്നും വി.ഡി സതീശൻ വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ഡി സതീശന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജനാധിപത്യം അരിയിട്ട് വാഴിക്കലുകളോ ഫോട്ടോ ഷൂട്ടുകളോ അല്ല.
രാജ്യത്തിനുവേണ്ടി എന്ത് പുതുതായി നിർമ്മിച്ചാലും അത് ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ഉറപ്പിച്ചു കൊണ്ടാവണം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെ ? ഞാനാണ് എല്ലാം എന്ന് ഒരാൾ വിചാരിക്കുന്നതാണ് ഏകാധിപത്യം . എല്ലാ അർഥത്തിലും അത് ഭീരുത്വമാണ്. എന്നിലൂടെ എല്ലാം സംഭവിച്ചു , ഞാൻ മാത്രമാണ് ഇതിനെല്ലാം കാരണഭൂതൻ എന്നൊരാൾ സ്വയം ധരിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്. നിർഭാഗ്യവശാൽ നരേന്ദ്ര മോദിയും അനുയായികളും ഇപ്പോൾ ചെയ്യുന്നത് ഇതൊക്കെയാണ്.
ജനാധിപത്യ സഭകളിൽ രണ്ട് മഹദ് സാന്നിധ്യങ്ങളെ ഉള്ളൂ..
ഒന്ന് ജനങ്ങൾ രണ്ടാമത്തേത് ഭരണഘടന.
പ്രണമിക്കേണ്ടത് അവയ്ക്ക് മുന്നിലാണ്.
സംഘപരിവാറിനോടും ഫാസിസത്തോടും പൊരുതാനും, ഇന്ത്യയുടെ ഉന്നമനത്തിനായി സ്വയം സമർപ്പിക്കാനും ഗാന്ധിയേയും, നെഹ്റുവിനേയും അവരുടെ പാതയിൽ സഞ്ചരിച്ച അസംഖ്യം ദേശസ്നേഹികളേയും ഓർക്കണം. ദേശസ്നേഹവും അതിതീവ്ര ദേശീയതയും തമ്മിൽ അജഗജ വ്യത്യാസമുണ്ട്.
ALSO READ: പുതിയ ഭാരതം പുതിയ ലക്ഷ്യങ്ങളിലേയ്ക്ക്, ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചു: പ്രധാനമന്ത്രി
അതേസമയം, പാർലമെന്റിന്റെ പുതിയ മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങളുടെ ശാക്തീകരണത്തോടൊപ്പം രാജ്യത്തിന്റെ ഐശ്വര്യത്തിനും ശക്തിക്കും ദിവ്യവും മഹത്തരവുമായ ഈ കെട്ടിടം പുതിയ ദിശയും ശക്തിയും നൽകുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നം സാക്ഷാത്കാരിക്കപ്പെട്ട ദിനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിൻറെ അടയാളമാണ് പുതിയ പാർലമെൻറ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് ഈ മന്ദിരം. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തൻ വഴികളിലേക്കും നീങ്ങും. ഭാരതം വളരുമ്പോൾ ലോകവും വളരുന്നു. രാജ്യത്തിൻ്റെ വികസനത്തിൻറെ അടയാളം കൂടിയാണ് പുതിയ പാർലമെൻറ് മന്ദിരം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...