V D Satheesan: ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ ആർഎസ്എസിന് കഴിയില്ല; രാഹുലിനെ പിന്തുണച്ച് വി.ഡി സതീശൻ
V D Satheesan: മോദി - അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യതയെന്നും വിഡി സതീശൻ
തിരുവനന്തപുരം: അപകീർത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദി - അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യതയെങ്കിൽ ജനാധിപത്യവാദികൾ കാണുന്ന യോഗ്യതയും അത് തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ഡി സതീശൻ്റെ പ്രതികരണം.
ALSO READ: നിപ്പ വീണ്ടും എത്തുമോ? സാധ്യത പരിശോധനയ്ക്ക് വിദഗ്ധ സംഘം കോഴിക്കോട്
വി.ഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുക തന്നെ ചെയ്യും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. നിയമ പോരാട്ടം തുടരും. സത്യം ജയിക്കും. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്.
സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി - അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും രാഹുലില്‍ കാണുന്ന യോഗ്യതയും അതു തന്നെ.
അതേസമയം, രാഹുൽ ഗാന്ധിക്ക് എതിരായ കോടതി വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീം കോടതിയിൽ അപ്പീൽ നൽകും. രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള നീക്കത്തെ എതിർക്കും. ജനങ്ങൾ ഇത് മനസിലാക്കുമെന്നും രാഹുലിന്റെ പിന്നിൽ കോൺഗ്രസ് ഒറ്റക്കെട്ടായി അണിനിരക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വ്യക്തമാക്കി.
ഏക സിവിൽ കോഡ് വിഷയത്തിൽ ഇഎംഎസിന്റെ നിലപാടിനെ തള്ളിപ്പറയാൻ സിപിഎമ്മിന് ധൈര്യമുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഹിന്ദു മുസ്ലീം തർക്കമാക്കി മാറ്റി ന്യൂനപക്ഷ പിന്തുണ കിട്ടാനാണ് സിപിഎമ്മിൻ്റെ ശ്രമം. കോൺഗ്രസിന് വ്യക്തമായ നിലപാടാണ് യുസിസിയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം രംഗത്തെത്തി. രാഹുലിൻ്റെ പ്രവർത്തനങ്ങളെ ഭയത്തോടെ കാണുന്ന രാഷ്ട്രീയശക്തികൾക്ക് കോടതി വിധി സന്തോഷം നൽകുമെന്നും രാഹുലിന്റെ പ്രസംഗത്തിൽ രാജ്യ വിരുദ്ധമായ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...