V.D Satheeshan: തൃപ്പൂണിത്തുറ കസ്റ്റഡി മരണം; പോലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് വി.ഡി സതീശൻ
ആളുകളെ കൊല്ലാൻ ആരാണ് പോലീസിന് അധികാരം നൽകിയതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. കുറ്റക്കാരായവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കോൺഗ്രസ് സമരം നടത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു.
തൃശൂർ: തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ സി ഐ ഉൾപ്പെടെ ഉള്ളവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിഐ അവിടെ നടത്തുന്നത് ക്രൂരമായ മർദനമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പോലീസ് സ്റ്റേഷനെതിരെ വ്യാപക പരാതി ഉണ്ടെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസ് സമരം നടത്തുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
പോലീസിന് ആരാണ് ആളുകളെ തല്ലാൻ അധികാരം നൽകിയത്. ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പോലീസ് കുഴപ്പം പിടിച്ചവരായി മാറിയെന്നും സതീശൻ ആരോപിച്ചു. ജില്ലാ പോലീസ് മേധാവി വിചാരിച്ചാലും സി ഐയെ മാറ്റാൻ പറ്റില്ലെന്നും പാർട്ടി ഏരിയ കമ്മിറ്റി ആണ് ഇവരെ നിയമിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.
തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത തൃപ്പൂണിത്തുറ ഇരുമ്പനം കര്‍ഷക കോളനിയില്‍ താമസിക്കുന്ന ചാത്തൻവേലിൽ മനോഹരന്‍ (52) ആണ് മരിച്ചത്. നിർമാണ തൊഴിലാളിയായിരുന്നു മനോഹരൻ. ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ഇരുമ്പനം ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും മനോഹരന്‍ വാഹനം നിർത്താതെ പോയി. പിന്നീട് പോലീസ് ഇയാളെ മറ്റൊരിടത്ത് നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഇവിടെ വച്ച് ഇയാള്‍ കുഴഞ്ഞുവീണു. ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചെന്നാണ് പോലീസ് പറയുന്നത്.
അതേസമയം മനോഹരന്റെ മുഖത്തടിച്ച എസ്ഐ ജിമ്മിയെ സസ്പെൻഡ് ചെയ്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. പോലീസ് മനോഹരനെ മർദിച്ചുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. മനോഹരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. മനോഹരൻ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടും പോലീസ് പിഴ ഈടാക്കി. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസെടുത്ത് പിഴ ഈടാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...