വടക്കഞ്ചേരി ബസ് അപകടം; ഡ്രൈവർക്കെതിരെ കൂടുതൽ വകുപ്പുകൾ, ബസ് ഉടമക്കെതിരെയും കേസെടുക്കാൻ നിർദേശം
അപകട സമയത്ത് ഇയാൾ പോലീസിനോട് കള്ളം പറഞ്ഞ് കടന്ന് കളയുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ചും അന്വേഷിക്കും.
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ പിടിയിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തിരുന്നത്. ജോമോനെ പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. അപകട സമയത്ത് ഇയാൾ പോലീസിനോട് കള്ളം പറഞ്ഞ് കടന്ന് കളയുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ചും അന്വേഷിക്കും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അപകടം ഉണ്ടായ സാഹചര്യം, വാഹനം ഓടിക്കുമ്പോൾ ജോമോൻ മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളായിരിക്കും പോലീസ് അന്വേഷിക്കുക.
ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോനെ പോലീസ് പിടികൂടുന്നത്. ബസ് ഉടമ അരുണിനെയും പോലീസ് പിടികൂടി. കൊല്ലം ചവറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബസിന്റെ ഫിറ്റ്നസ് റദാക്കുന്നതും, ഡ്രൈവറുടെ ലൈസൻസ് റദ്ദാകുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഇതിനിടെ ബസ് ഉടമയ്ക്കെതിരേയും കേസെടുക്കാൻ നിർദേശം ഉണ്ട്. ടൂറിസ്റ്റ് ബസ് കാറിനേയും കെഎസ്ആർടിസി ബസിനേയും ഒരുമിച്ച് മറികടക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ടൂറിസ്റ്റ് ബസിന്‍റെ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിശോധനക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ വേഗ പൂട്ടിൽ കൃത്രിമത്വം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ബസ് ഉടമക്കെതിരെയും കേസ് എടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...