തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയെ എതിര്‍ത്ത് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മലയാള സിനിമാ സംഘടനയില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതോടെ പ്രശ്‌നം രൂക്ഷമാകുകയും നാല് നടിമാര്‍ ‘അമ്മ’യില്‍ നിന്ന് രാജി വെക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. ഇവരുടെ നിലപാടിനെ പിന്തുണച്ചാണ് വനിതാ കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്.


മോഹന്‍ലാലിനോട് മതിപ്പ് കുറഞ്ഞെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു. രാജി വിവാദത്തില്‍ അമ്മ നിലപാട് വ്യക്തമാക്കണം. അമ്മയുടെ നടപടി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല. ലഫ്‌റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്‍റെ നിലപാട് ഉചിതമല്ലെന്നും ജോസഫൈന്‍ പറഞ്ഞു. മാത്രമല്ല മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും നിലപാട് പറയാന്‍ ഭയക്കേണ്ടതില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവായിരുന്നു. സംഭവത്തെ അപലപിക്കാന്‍ അമ്മ നടത്തിയ യോഗത്തിലായിരുന്നു മഞ്ജുവിന്‍റെ  പ്രസ്താവനയെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.