തിരുവനന്തപുരം: വർക്കലയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് ഫയർഫോഴ്സ്. കാർ പോർച്ചിലെ സ്വിച്ച് ബോർഡിലുണ്ടായ തീപ്പൊരി കേബിൾ വഴി കത്തിപ്പടരുകയായിരുന്നുവെന്നാണ് ഫയർഫോഴ്‌സിൻ്റെ റിപ്പോർട്ട്. ഹാളിൽ നിന്ന് പുക മുറികളിലേക്ക് പടർന്നു. തീ ആളിക്കത്തിക്കാൻ സഹായിക്കുന്ന വസ്തുക്കൾ ഹാളിനുള്ളിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുചക്രവാഹനം കത്തിയത് ജനലിലൂടെ തീ പടർന്നപ്പോഴാണെന്നും കണ്ടെത്തിയിട്ടുണ്ട്. തീപിടിത്തത്തിൻ്റെ പ്രഭവകേന്ദ്രം കാർപോർച്ചിലെ സ്വിച്ച് ബോർഡിലുണ്ടായ തീപ്പൊരിയാണെന്നാണ് ഫയർഫോഴ്സിൻ്റെ റിപ്പോർട്ടിലുള്ളത്. സ്വിച്ച് ബോർഡിലെ കേബിൾ വഴിയാണ് ഒന്നാം നിലയിലേക്ക് തീ പടർന്നത്. ഹാളിൽ നിന്ന് പുക മുറികളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു.


പുക ശ്വസിച്ചവർ എഴുന്നേൽക്കാൻ ശ്രമിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ മൃതദേഹങ്ങളെല്ലാം വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണ്. വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ച് ഇവർ വീണതാവാനാണ് സാധ്യതയെന്നാണ് അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടിൽ പറയുന്നു. വീടിനകത്തുണ്ടായിരുന്നവർ അഗ്നിബാധ അറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിലുണ്ട്.


അതേസമയം, വീടിന് തീപിടിച്ചെന്ന് അയൽവാസി വിളിച്ചു പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നാണ് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന നിഹുൽ നൽകിയിരിക്കുന്ന മൊഴി. മൊബൈലിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തീപടരുന്നത് കണ്ടു. തുടർന്ന് ഭാര്യയേയും കുട്ടിയേയും ബാത്ത് റൂമിലേക്ക് മാറ്റി. വാതിലിനടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും നിഹുലിൻ്റെ മൊഴിയിൽ പറയുന്നു. വീടിന് പുറത്ത് പുകയും തീയും ഉയരുന്നതാണ് ആദ്യം കണ്ടതെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.


മാത്രമല്ല, നിഹുലിൻ്റെ മൊഴിയിലൂടെ അപകടം ആസൂത്രിതമല്ലെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും കണ്ടെത്തലിൽ പറയുന്നുണ്ട്. തീപിടിത്തമുണ്ടായ വീടിന് ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ തന്നെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അട്ടിമറിക്കുള്ള മറ്റു തെളിവുകളൊന്നുമില്ലെന്നും പൊലീസ് പറയുന്നു.


ഒരു മാസം മുമ്പാണ് വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ ദാരുണമായി കൊല്ലപ്പെട്ടത്. വർക്കല ദളവാപുരം സ്വദേശിയായ പച്ചക്കറിക്കട നടത്തുന്ന പ്രതാപനും ഭാര്യ ഷേർളിയും ഉൾപ്പടെ അഞ്ച് പേർ തീപിടിത്തത്തിൽ മരണപ്പെടുകയായിരുന്നു. പ്രതാപന്റെ ഇളയമകൻ അഹിലും രണ്ടാമത്തെ മകൻ നിഹുലിൻ്റെ ഭാര്യ അഭിരാമിയും അഭിരാമിയുടെ കുഞ്ഞ് റയാനും തീപിടിത്തിൽ ജീവൻ നഷ്ടമായിരുന്നു. 


അഞ്ച് പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തിയത്. വർക്കല ഡിവൈഎസ്പി നിയാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പുക ശ്വസിച്ചതും ചൂടുമാണ് അഞ്ചുപേരും മരിക്കാൻ കാരണമെന്നാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതിനിടെ, ഫയർഫോഴ്സിൻ്റെ റിപ്പോർട്ടിന് പുറമേ, ഇലക്ട്രിക് ഇൻസ്പക്ടറേറ്റിന്റെയും പോലീസിന്റെ ഫോറൻസിക് വിദഗ്ധരുടെയും അന്തിമ റിപ്പോർട്ട് കൂടി സംഭവത്തിൽ ലഭിക്കേണ്ടതുണ്ട്. ഇതുകൂടി ലഭിക്കുന്നതോടെ അപകടത്തിൻ്റെ കാരണം വ്യക്തമാകുമെന്നാണ് പോലീസിന്റെ നിഗമനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.