വീടിന്റെ ഉൾഭാഗം പൂർണമായും കത്തി, കൂട്ടമരണത്തിന് കാരണമെന്ത്? ; കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്
വീടിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. മുറിയിലെ എസികളും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റൂറൽ എസ്പി വ്യക്തമാക്കി.
തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുന്നതിന് വിശദമായ അന്വേഷണം വേണമെന്ന് റൂറൽ എസ്പി ദിവ്യ ഗോപിനാഥ്. വീടിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. മുറിയിലെ എസികളും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റൂറൽ എസ്പി വ്യക്തമാക്കി.
പുലർച്ചെ രണ്ട് മണിക്ക് അയൽവാസികളാണ് വീടിന് തീപിടിച്ചത് പോലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്. വിശദമായ അന്വേഷണം വേണമെന്ന് അഗ്നിരക്ഷാ സേനയും വ്യക്തമാക്കി. പുക ശ്വസിച്ചാകാം അഞ്ച് പേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആർക്കും വലിയ രീതിയിൽ പൊള്ളലേറ്റിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിൽ നിന്നാണ് പുക ശ്വസിച്ചാകാം മരണമെന്ന നിഗമനത്തിലേക്ക് എത്തിയത്.
എസി ഉപയോഗിച്ചതിനാൽ മുറികൾ പൂട്ടിയിരുന്നു. പുക ശ്വസിച്ച് ബോധം മറഞ്ഞതിനാൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് പോയിരിക്കാം. മുറിയിലെ എസിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഉൾഭാഗം പൂർണമായും കത്തി നശിച്ച നിലയിലാണ്. തീപിടിത്തത്തിൽ പ്രതാപൻ (62), ഭാര്യ ഷേർളി (53), മകൻ അഖിൽ ( 29 ), മരുമകൾ അഭിരാമി (25), നിഖിലിന്റെയും അഭിരാമിയുടേയും എട്ടുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്.
പ്രതാപന്റെ മൂത്ത മകൻ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റു. നിഖിൽ ചികിത്സയിലാണ്. വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപൻ. ഇരുനില വീടിന്റെ കാർ പോർച്ചിൽ തീ ആളിക്കത്തുന്നത് കണ്ട അയൽവാസിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന നാല് ബൈക്കുകളും കത്തി നശിച്ചു.
തീ പടരുന്നതിനിടെ നിഖിൽ മാത്രമാണ് വീടിന് പുറത്തേക്ക് വന്നത്. ഗേറ്റ് പൂട്ടിയിരുന്നതിനാൽ ആർക്കും അകത്ത് പ്രവേശിക്കാൻ സാധിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. അഗ്നിരക്ഷാ സേനയും പോലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചപ്പോഴേക്കും അഞ്ച് പേരും മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...