Vava Suresh: വീണ്ടും വാവയെത്തി മൂർഖനെ പിടിക്കാൻ; സ്വീകരണം നൽകി നാട്ടുകാർ
തറയിൽ കിടന്ന മൂർഖൻ അഖിലിനെ കൊത്താനാഞ്ഞു. ബൈക്കിൽ നിന്ന് ചാടിയിറങ്ങിയ അഖിൽ തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്
ആലപ്പുഴ: മൂർഖനെ പിടികൂടാൻ വാവ സുരേഷ് വീണ്ടുമെത്തി. മൂടിയിട്ടിരുന്ന ബൈക്കിനുള്ളിൽ കയറിയ മൂർഖൻ അഞ്ച് മണിക്കൂറോളം വീട്ടുകാരെ പരിഭ്രാന്തരാക്കി. തുടർന്ന് വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. രാത്രി 8.30ഓടെ വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി.
മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വാവ സുരേഷ്. ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം വാവ സുരേഷിന്റെ ആദ്യത്തെ പാമ്പ് പിടിത്തമായിരുന്നു ഇത്. ചാരുംമൂട് പേരൂർകാരാണ്മയിൽ മുകേഷിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
മുകേഷിന്റെ മകൻ അഖിൽ ജിമ്മിൽ പോകാനായി വൈകിട്ട് മൂന്നരയോടെ ബൈക്കിൽ കയറിയപ്പോഴാണ് മൂർഖനെ കണ്ടത്. തറയിൽ കിടന്ന മൂർഖൻ അഖിലിനെ കൊത്താനാഞ്ഞു. ബൈക്കിൽ നിന്ന് ചാടിയിറങ്ങിയ അഖിൽ തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ, കവറിട്ട് മൂടിയിരുന്ന മറ്റൊരു ബൈക്കിലേക്ക് പാമ്പ് കയറി. തുടർന്ന് വാവ സുരേഷിനെ വിളിച്ചു. വൈകിട്ട് എട്ടരയോടെയാണ് വാവ സുരേഷ് എത്തിയത്.
വാവ സുരേഷ് എത്തുന്നത് അറിഞ്ഞ് ആരാധകരും നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി. ബൈക്കിന്റെ ഹാൻഡിലിനടിയിൽ ചുറ്റിക്കിടന്ന പാമ്പിനെ വാവ സുരേഷ് പിടികൂടി ടിന്നിലാക്കി. തുടർന്ന് ആരാധകരും നാട്ടുകാരും ചേർന്ന് വാവ സുരേഷിന് സ്വീകരണവും നൽകിയാണ് യാത്രയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...