തിരുവനന്തപുരം: മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശയാത്രയ്ക്ക് പോകുന്നതിന് പ്രതിപക്ഷം എതിരല്ല. പക്ഷെ സര്‍ക്കാര്‍ ചെലവിലാകുമ്പോള്‍ എന്തിന് വേണ്ടിയാണ് പോയതെന്നത് സംബന്ധിച്ച് വ്യക്തമായ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കുടുംബ സമേതമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയത്. രാഷ്ട്രീയക്കാരെയും ഭരണനേതൃത്വത്തെയും കുറിച്ച് പൊതുസമൂഹത്തിന് ആക്ഷേപമുള്ള ഇക്കാലത്ത് ഇക്കാര്യങ്ങളിലെല്ലാം സുതാര്യത ഉണ്ടാകണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ സാധിച്ചിട്ടില്ലെന്നും എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോയതെന്ന് പ്രതിപക്ഷത്തിന് പോലും അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.ഒരു സുതാര്യതയും ഇല്ലാത്ത തട്ടിക്കൂട്ട് യാത്രയാണിത്. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള ഒന്നും ഇതുവരെ നടത്തിയിട്ടില്ല. രഹസ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. 


അതുകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്നും യാത്രയ്ക്കുള്ള പണം എവിടെ നിന്ന് കിട്ടിയെന്നുമൊക്കെ മുഖ്യമന്ത്രി തന്നെയാണ് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്. ഇത്രയും വലിയൊരു സംഘം സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയത് എന്തിനാണ്? മുന്‍പ് നടത്തിയ യാത്രകള്‍ കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന പ്രതിപക്ഷം ചോദിച്ചിരുന്നു. അന്ന് മുന്നൂറ് കോടിയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് പറഞ്ഞത്. എന്നിട്ട് മൂന്നു കോടി രൂപയുടെയെങ്കിലും നിക്ഷേപമുണ്ടായോ? 


എവിടെയാണ് പോകുന്നതെന്നോ എന്താണ് പരിപാടിയെന്നതോ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പോലും നല്‍കാതെയാണ് മുഖ്യമന്ത്രിയും സംഘവും പോയത്. സര്‍ക്കാര്‍ ചെലവിലാണ് യാത്രയെന്നതിനാല്‍ യാത്ര പരസ്യമാക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ബാധ്യതയുണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.