VD Satheesan: `സർക്കാരിന്റെ മുഖമുദ്ര ധൂർത്തും അഴിമതിയും`; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
K Phone Project: കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയില്ല. കെ ഫോൺ പദ്ധതി തടിപ്പാണന്നും ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും വിഡി സതീശൻ.
തിരുവനന്തപുരം: സർക്കാരിന്റെ മുഖമുദ്ര ധൂർത്തും അഴിമതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയില്ല. കെ ഫോൺ പദ്ധതി തടിപ്പാണന്നും ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയിൽ പ്രതിപക്ഷം ബിജെപിക്കൊപ്പം ആണെന്നുള്ള വിചിത്രമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചിട്ടുള്ളതെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ തങ്ങൾ അഭിപ്രായം പോലും പറഞ്ഞിട്ടില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനുള്ള കാരണം മനസ്സിലാക്കാനുള്ള ശ്രമം പോലും മുഖ്യമന്ത്രി നടത്തിയില്ല.
ബജറ്റിന് പുറത്ത് കടമെടുത്താലും ബജറ്റിനകത്തേക്ക് ഇത് ബാധ്യതയായി വരുമെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വരുമെന്നും അത് അപകടകരമാണെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയത് പ്രതിപക്ഷമാണെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ അജ്ഞതയാണ്.
അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ മേൽ കുതിര കയറുന്നത്. തങ്ങൾ ഇക്കാര്യത്തിൽ അഭിപ്രായം പറയാത്തത് വിഷയം മനസ്സിലാകാത്തത് കൊണ്ടാണ്. എല്ലാ പ്രസ്താവനകളുടെയും അവസാനം പ്രതിപക്ഷം ബിജെപിക്കൊപ്പം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ തങ്ങൾ ബിജെപിക്ക് ഒപ്പം ആകുമോയെന്നും സതീശൻ ചോദിച്ചു.
ബിജെപിയെ മുഖ്യശത്രുവായി കാണുന്ന പ്രസ്ഥാനമാണ് യുഡിഎഫും കോൺഗ്രസും. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ധൂർത്തിന് ഒരു കുറവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ ഫോൺ ഉദ്ഘാടന ചടങ്ങിലും അനുബന്ധ ചടങ്ങുകളിലും സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിന് 4.35 കോടി രൂപയാണ് ചെലവ്. കെ ഫോണിന്റെ ഉദ്ഘാടനം ഇതിന് മുൻപ് നടന്നതാണ്. പദ്ധതിക്കായി 1,500 കോടി രൂപ മുടക്കിയിട്ട് 10,000 പേർക്ക് പോലും ഇന്റർനെറ്റ് കണക്ഷൻ കൊടുക്കാൻ പറ്റാത്ത പദ്ധതിയുടെ ഉദ്ഘാടനത്തിന് 4.35 കോടി രൂപയാണ് ചെലവാക്കുന്നത്.
പദ്ധതിയോടുള്ള എതിർപ്പുകൊണ്ടല്ല പ്രതിപക്ഷം വിട്ടുനിൽക്കുന്നത്. ആ പദ്ധതിയിൽ നടന്നിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി കാരണമാണ്. എഐ ക്യാമറയിൽ നടന്നതുപോലെയുള്ള അഴിമതിയാണ് ഈ പദ്ധതിയിലും നടന്നിരിക്കുന്നത്. എഐ ക്യാമറ വിഷയത്തിൽ നിയമനടപടി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...