തിരുവനന്തപുരം: കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരി​ഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ നടത്താതെയുമാണ് സിൽവർ ലൈൻ-കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

64941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി കേരളത്തെ തെക്ക്- വടക്ക് വന്‍മതിലായി വെട്ടിമുറിക്കുന്നതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ തമ്മില്‍ വേര്‍തിരിക്കുന്ന വന്‍കോട്ടയായി മാറും. നീതി ആയോഗിന്റെ 2018 -ലെ കണക്ക് പ്രകാരം പദ്ധതിക്ക് 1.33 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 2021-ല്‍ ഇത് ഒന്നര ലക്ഷം കോടിക്ക് അടുത്താകും. 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും.


പരിസ്ഥിതി ആഘാത പഠനം പേരിനു മാത്രമാണ് നടത്തിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന അംഗീകാരമില്ലാത്ത സ്ഥാപനമാണ്  ഇതിന്റെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരിക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്തതിനാല്‍ വീണ്ടും 96 ലക്ഷം രൂപ മുടക്കി പഠനം നടത്താന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ചുരുങ്ങിയത് 20,000 കുടുംബങ്ങള്‍ കുടിയൊഴിക്കപ്പെടുകയും 50,000 കച്ചവട  സ്ഥാപനങ്ങള്‍ പൊളിക്കേണ്ടി വരികയും ചെയ്യും. 145 ഹെക്ടര്‍ നെല്‍വയല്‍ നികത്തണം. 1000 മേല്‍പ്പാലങ്ങളോ അടിപ്പാതകളോ നിര്‍മിക്കണം. അതേസമയം പ്രാഥമിക സാധ്യതാ പഠനം നടത്തിയ 'സിസ്ത്ര എം.വി ഐ' തലവനായ അലോക് കുമാര്‍ വര്‍മ്മ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.


കെട്ടിച്ചമച്ച സാധ്യതാ പഠന റിപ്പോര്‍ട്ടെന്നാണ് അലോക് കുമാര്‍ വര്‍മ്മ പറയുന്നത്. പദ്ധതി രൂപരേഖ കെട്ടുകഥയാണെന്നും ലിഡാര്‍ സര്‍വെ കൃത്രിമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രളയ, ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതി രൂപരേഖയിലില്ല. സ്‌റ്റേഷനുകള്‍ തീരുമാനിച്ചതും കൃത്രിമ ഡി.പി.ആര്‍ വച്ചാണ്. പദ്ധതി രൂപരേഖ പരസ്യപ്പെടുത്താന്‍ കെ റെയില്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ പഠനത്തിന് മാത്രമാണ് തത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.


15 മുതല്‍ 30 അടി ഉയരത്തിലും അതിന് ആനുപാതികമായ വീതിയിലുമാണ് സില്‍വര്‍ ലൈന്‍ 292 കി. മീറ്റര്‍ (മൊത്തം ദൂരത്തിന്റെ 55%) ദൂരം വന്‍മതില്‍ പോലെയാണ് നിർമ്മിക്കപ്പെടുന്നത്. ബാക്കി സ്ഥലത്ത് റെയിലിന് ഇരുവശത്തും മതിലും കെട്ടണം. പദ്ധതി നിലവിൽ വന്നാൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തില്‍ മാറ്റം വരുമെന്നും 164 സ്ഥലങ്ങളിലെ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസപ്പെടുമെന്നും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. എവിടെയൊക്കെ സ്വാഭാവിക ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസപ്പെട്ടിട്ടുണ്ടോ, അത് താഴ്ന്ന പ്രദേശങ്ങളാണെങ്കില്‍ വെള്ളപ്പൊക്കവും മലയോര മേഖലകളാണെങ്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കുമെന്നതിന് ഇനിയൊരു പഠനത്തിന്റെ ആവശ്യമില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.