VD Satheeshan| കേരളം ഇന്ധന നികുതി കുറയ്ക്കണം, അല്ലെങ്കിൽ ജനകീയ സമരവുമായി മുന്നോട്ട് തന്നെ; വിഡി സതീശൻ
അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി രൂപ അധിക വരുമാനം ലഭിച്ച കേരളം ഇന്ധന നികുതി കുറയ്ക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഭീകരത നടപ്പാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്.
തിരുവനന്തപുരം: ഇന്ധന നികുതി (Fuel Tax) കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ (State Government) തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Satheeshan). കേന്ദ്ര സര്‍ക്കാര്‍ നാമമാത്രമായാണ് നികുതി കുറച്ചതെങ്കിലും അതിന് ആനുപാതികമായി മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തതു പോലെ കേരളവും നികുതി കുറയ്ക്കാന്‍ തയാറാകണം.
അഞ്ചു വര്‍ഷത്തിനിടെ ഇന്ധന വില്‍പനയിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനം ലഭിച്ച കേരളം, നികുതി കുറച്ച് ജനങ്ങളെ സഹായിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഭീകരതയാണ് നടപ്പാക്കുന്നത്. നികുതി ഭീകരതയ്ക്ക് എതിരെയാണ് പ്രതിപക്ഷത്തിന്റെ സമരം. ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് കെ. ബാബു നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു സതീശൻ.
കേന്ദ്രം കുറച്ചപ്പോള്‍ ഇവിടെയും കുറഞ്ഞില്ലേയെന്നാണ് ധനമന്ത്രി ചോദിക്കുന്നത്. ഈ വാദം നിരത്തി പാര്‍ട്ടിക്കാരെ പറ്റിക്കാം. ഞങ്ങളെ പറ്റിക്കാന്‍ പറ്റില്ല. കേന്ദ്രം കുറച്ചാല്‍ കുറയ്ക്കാമെന്ന നിലപാടിലായിരുന്നു മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. എന്നാല്‍ ഇപ്പോഴത്തെ ധനമന്ത്രി പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും നേക്കിയിരിക്കുകയാണ്. ഈ രണ്ടു സംസ്ഥാനങ്ങളും നികുതി കുറച്ചതോടെ മന്ത്രിയുടെ നോട്ടം മുകളിലേക്കായി. മുകളിലേക്ക് നോക്കി ഇരിക്കുകയല്ല, നികുതി കുറയ്ക്കുകയാണ് വേണ്ടത്.
യു.പി.എ സര്‍ക്കാര്‍ വില നിര്‍ണയാധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്തതാണ് ഇന്ധന വിലക്കയറ്റത്തിന് കാരണമെന്നു പറയുന്ന സി.പി.എമ്മും സര്‍ക്കാരും ബി.ജെ.പിയെ സഹായിക്കുകയാണ്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായി പെട്രോള്‍ ഡീസല്‍ വില നിശ്ചയിക്കാനുള്ള അധികാരമാണ് എണ്ണ കമ്പനികള്‍ക്ക് നല്‍കിയത്. അതനുസരിച്ചായിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്നതിന്റെ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുമായിരുന്നു. യു.പി.എയെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തുന്ന വാദം മോദി സര്‍ക്കാരിനെ പരസ്യമായി സഹായിക്കുന്നതാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാലു തവണ നികുതി കുറച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് 493 കോടി രൂപ ലഭിച്ചപ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് എല്‍.ഡി.എഫ് അയ്യായിരം കോടി രൂപയിലധികമാണ് അധിക വരുമാനമുണ്ടാക്കിയത്. 500 കോടിയുടെ സ്ഥാനത്ത് അയ്യായിരം കോടി അധികമായി ലഭിച്ചിട്ടും നികുതി കുറയ്ക്കില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ല.
അധിക വരുമാനം പൂര്‍ണമായും ഉപേക്ഷിക്കണമെന്നല്ല പ്രതിപക്ഷം പറയുന്നത്. മത്സ്യത്തൊഴിലാളികള്‍, ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കണം. മഹാമാരിക്കാലത്ത് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അവരെ സഹായിക്കണം. നികുതി കുറക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി അവസാനിപ്പിക്കണം. അതല്ലെങ്കില്‍ ജനകീയ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
കേന്ദ്രം നികുതി കുറയ്ക്കരുതെന്നാണ് ധനമന്ത്രിയുടെ മനസ്സിലിരുപ്പെന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെ.ബാബു പറഞ്ഞു. സര്‍ക്കാര്‍ ഉലക്ക കൊണ്ടടിച്ചിട്ട് മുറം കൊണ്ടുവീശുകയാണ്. മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറച്ചിട്ടും കേരളം കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ.ബാബു പറഞ്ഞു.
നികുതി (Tax) കുറയ്ക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ നിയമസഭ (Kerala Assembly) ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം (Opposition) സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംസ്ഥാന സര്‍ക്കാര്‍ (State Government) ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് MLA ഹോസ്റ്റല്‍ പരിസരത്ത് നിന്നും സൈക്കിളിലാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയിലെത്തിയതും മടങ്ങിയതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...