AI camera scam allegation: എഐ ക്യാമറ 10 കോടിയുടെ അഴിമതി; മുഖ്യമന്ത്രിയുടെ ബന്ധു കണ്‍സോര്‍ഷ്യം യോഗത്തില്‍ പങ്കെടുത്തു-വിഡി സതീശന്‍
There was a big corruption behind AI camera VD Satheeshan: 100 കോടിയുടെ അഴിമതിയാണ് എഐ ക്യാമറയുടെ പിറകില്‍ നടന്നതെന്നും വി.ഡി.സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി: എഐ ക്യാമറയുടെ മറവില്‍ വലിയ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ക്യാമറ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്കായി ആകെ ചെലവ് 57 കോടി രൂപ മാത്രമാണ്. അതാണിപ്പോള്‍ 151 കോടിയുടെ കരാറില്‍ എത്തിയതെന്നും. 100 കോടിയുടെ അഴിമതിയാണ് എഐ ക്യാമറയുടെ പിറകില്‍ നടന്നതെന്നും വി.ഡി.സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഉപകരാറിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപണമുയര്‍ത്തി. യോഗത്തില്‍ ദീര്‍ഘസമയം സംസാരിച്ച പ്രകാശ് ബാബു ഇത് സ്വപ്ന പദ്ധതിയാണെന്ന് കമ്പനി പ്രതിനിധികളോട് പറഞ്ഞതായും സതീശന്‍ പറഞ്ഞു.
'ട്രോയിസ് 57 കോടിയാണ് കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങള്‍ക്കും പ്രൊപോസ് നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആ കാര്യങ്ങളെല്ലാം 45 കോടിക്ക് ചെയ്യാനുള്ളതേ ഉള്ളൂ. അതിന് വരെ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ പേരില്‍ എസ്ആര്‍ഐടിക്ക് ആറ് ശതമാനമാണ് യാതൊരു പ്രയോജനവുമില്ലാതെ കമ്മീഷന്‍ കിട്ടിയത്. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയില്‍ നടന്നിരിക്കുന്നത്. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. നൂറ് കോടി സര്‍ക്കാരിനെ പറ്റിച്ചതിന് പുറമേ ഹൈദരാബാദ് കമ്പനിയെ 25 കോടി രൂപയും പറ്റിച്ചുവെന്നും ' സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ALSO READ: എഐ ക്യാമറ അഴിമതി ആരോപണത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി; സംസ്ഥാന സെക്രട്ടറിയേറ്റിലും ചർച്ചയായില്ല
ഉപകരാറില്‍ ഉള്‍പ്പെട്ട ഒരു കമ്പനിയുടെ ഏതോ ഒരു വ്യക്തി ഗസ്റ്റ്ഹൗസ് ഉപയോഗിച്ചതിന് പണം നല്‍കാനുണ്ടെന്നുള്ളത് മാത്രമാണ് ബന്ധുവിന് പദ്ധതിയുമായുള്ള ബന്ധം എന്നാണ് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞിരുന്നത്.മുഖ്യമന്ത്രിയുടെ ബന്ധു പദ്ധതിയില്‍ ഇടപ്പെട്ടതിന് തെളിവുണ്ടോ എന്ന് പ്രതിപക്ഷത്തെ രാജീവ് വെല്ലുവിളിച്ചിരുന്നു. ആ വെല്ലുവിളിക്ക് തെളിവുകള്‍ നിരത്തി സംസാരിക്കുയായിരുന്നു പ്രതിപക്ഷ നേതാവ്. എസ്ആര്‍ഐടിയും അല്‍ഹിന്ദും പ്രസാഡിയോയും ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ ആദ്യത്തെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുത്തുവെന്ന് ഞങ്ങള്‍ക്ക് വ്യക്തതയുണ്ടെന്നും. പങ്കെടുക്കുക മാത്രമല്ല പ്രകാശാണ് ആ യോഗത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത.് ഇതൊരു സ്വപ്ന പദ്ധതിയാണെന്നും ഇത് കേരളത്തില്‍ ചെയ്ത് തീര്‍ത്താല്‍ പിന്നെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും നമുക്ക് ചെയ്യാന്‍ സാധിക്കുമെന്നും പ്രകാശ് ബാബു യോഗത്തില്‍ പറഞ്ഞു.ഈ കണ്‍സോര്‍ഷ്യല്‍ പണം നഷ്ടമായ കമ്പനികള്‍ പ്രകാശ് ബാബുവിനെ പിന്നീട് സമീപിച്ചുവോ...ഇതിന് മറുപടി പറയാന്‍ മന്ത്രി രാജീവോ മുഖ്യമന്ത്രിയോ മുന്നോട്ട് വരുമോ' എന്നും സതീശന്‍ ചോദിച്ചു.
അന്വേഷണം നടത്തുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തതിന്റെ രേഖ ഹാജരാക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. പദ്ധതിക്കു പിന്നില്‍ നടന്ന വലിയ തട്ടിപ്പുകളെ കുറിച്ച് അല്‍ഹിന്ദ് കമ്പനി വളരെ മുന്നേ തന്നെ സര്‍ക്കാരിന് വിവരം നല്‍കിയിരുന്നു. വ്യവസായ വകുപ്പ് സെക്രട്ടറിയെ 23-10-2021ന് അല്‍ഹിന്ദ് കത്തെഴുതി വിവരം അറിയിച്ചത് പി.രാജീവ് മന്ത്രിയായിരിക്കുമ്പോള്‍ തന്നെയാണ് പ്രസാഡിയോയുടെ കണ്‍ട്രോളിലാണ് എഐ ക്യാമറയുടെ മുഴുവന്‍ ഇടപാടുകളും നടന്നിരിക്കുന്നത്. ഈ തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി ഒരു കമ്പനി സര്‍ക്കാരിനെ സമീപിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. തട്ടിപ്പുകള്‍ നടക്കുന്ന വിവരം വ്യവസായ വകുപ്പിനും മന്ത്രിക്കും അറിയാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം മുഖ്യമന്ത്രി ഇപ്പോഴും എഐ വിവാദത്തിൽ മൗനത്തിലാണ്. പ്രതിപക്ഷ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്നെങ്കിലും എഐ ക്യാമറയെക്കുറിച്ച് ചർച്ച ഉണ്ടായില്ലെന്നാണ് സൂചന. സർക്കാർതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷം പ്രതികരിക്കാനാണ് സിപിഎം തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...