ജമീല മാലികിന് ആദരാഞ്ജലികൾ...
മലയാള സിനിമയിലെ ആദ്യകാല നടിയായിരുന്ന ജമീല മാലിക് (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നടിയായിരുന്ന ജമീല മാലിക് (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യ മലയാളി പെണ്‍കുട്ടി കൂടിയായിരുന്നു ജമീല. റേഡിയോ നാടകങ്ങളുടെ രചയിതാവ് കൂടിയായിരുന്നു ജമീല. എസ്എസ്എല്‍സി പഠനകാലത്തിന് ശേഷം പതിനാറാം വയസിലാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജമീല ചേർന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടിയ ഇവര്‍ നിരവധി സിനിമകളുടേയും ദൂരദർശനിലെ പരമ്പരകളുടേയും ഭാഗമായിട്ടുണ്ട്.
സ്‌കൂള്‍ തലത്തിൽ തന്നെ നാടകങ്ങളിലൂടെയാണ് ജമീല അഭിനയരംഗത്തെത്തിയത്. പൂനെയിലെ പഠനകാലത്ത് പ്രശസ്ത സംവിധായകൻ കെ.ജി ജോര്‍ജ്ജിന്‍റെ ഉള്‍പ്പടെ ഡിപ്ലോമ ഫിലിമുകളിലും കോഴ്‌സ് സിനിമകളിലും അഭിനയിച്ചിരുന്നു.
'റാഗി൦ഗ്' എന്ന സിനിമയിലായിരുന്നു ആദ്യമായി അഭിനയിച്ചത്. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും സിനിമകളിൽ നായികയുമായിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായിട്ടുണ്ട് താരം.
'നദിയെ തേടിവന്ന കടല്‍'' എന്ന സിനിമയില്‍ ജമീല ജയലളിതയോടൊപ്പം അഭിനയിച്ചിട്ടുമുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജമീല ദൂരദർശനിൽ സംപ്രേഷണം ചെയ്ത സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രങ്ങളിൽ ഡബ്ബ് ചെയ്തിട്ടുമുണ്ട്. ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങള്‍ എഴുതുകയുമുണ്ടായി. ദാസ്താനി റൂഫ്, കരിനിഴല്‍, തൗബ തുടങ്ങിയ നാടകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്‍റെയും തങ്കമ്മയുടെയും മകളായി 1946 മെയ് 23നായിരുന്നു ജമീലയുടെ ജനനം.
മോഹൻലാലടക്കം നിരവധി താരങ്ങള്‍ അവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.