തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തകളുടെ സത്യാവസ്ഥ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന്‍ മുഖ്യമന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജിലൻസ് ഡയറക്ടറുടെ ഫോൺ ചോർത്തിയ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്ത് നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. 


ഫോൺ ചോർത്തലിനെ കുറിച്ച് ജേക്കബ് തോമസ് പരാതി നൽകിയിട്ടില്ല. എന്നാൽ, ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍  വന്ന വാര്‍ത്തയെത്തുടര്‍ന്ന്‍ ജേക്കബ് തോമസ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം സഭയിൽ അറിയിച്ചു. ഏതെങ്കിലും തരത്തിൽ വിജിലൻസ് ഡയറക്ടര്‍ക്കുമേല്‍ സമ്മർദം ചെലുത്താന്‍ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ജേക്കബ് തോമസ് തന്നെ വിജിലൻസ് ഡയറക്ടറായി തുടരണമെന്നാണ് താത്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.


എന്നാൽ,  ഫോൺ ചോർത്തല്‍ സംഭവം സർക്കാരിന്‍റെ അറിവോടെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇ.പി ജയരാജന്‍റെ കേസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ് ജേക്കബ് തോമസിന്‍റെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


വിജിലൻസിനു സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റിയ എല്ലാ സാഹചര്യവും സർക്കാർ ഒരുക്കും. സ്ഥാനമൊഴിയുന്നു എന്നു ജേക്കബ് തോമസ് ഇതുവരെ സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തരപ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.