തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളല്ല താനെന്നും, ആദ്യം മര്യാദ വിട്ട് സംസാരിച്ചത് അവരാണ് എന്നും ചലച്ചിത്ര താരം വിനായകന്‍. യുവതിയോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിപാടിക്ക് ക്ഷണിക്കാനായി തന്നെ ആദ്യം വിളിച്ചത് ഒരു പുരുഷനാണെന്നും വരാന്‍ പറ്റില്ലെന്ന് താന്‍ അയാളോട് പറഞ്ഞെന്നും വിനായകന്‍ പറഞ്ഞു. 


"മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരിക എന്നത് എന്‍റെ ബാധ്യതയാണെന്ന മട്ടില്‍ അവന്‍ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാള്‍ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാല്‍ അവിടെ അലമ്പുണ്ടാവില്ലേ? ആദ്യം മര്യാദവിട്ട് സംസാരിച്ചത് അവനാണ്. തുടര്‍ന്നാണ് (ആരോപണം ഉന്നയിച്ച) സ്ത്രീ വിളിച്ചത്. അവരെ എനിക്കറിയില്ല. അവര്‍ എന്നെ വിളിച്ചത് പരിപാടിയ്ക്ക് ക്ഷണിക്കാനല്ല. ഞാനും നേരത്തെ വിളിച്ച ആണും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാനാണ് അവര്‍ വിളിച്ചത്", വിനായകന്‍ തുടര്‍ന്നു.


"ഞാന്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളൊന്നുമല്ല. ഞാന്‍ 25 കൊല്ലമായി സിനിമയില്‍ വന്നിട്ട്. ഇതുവരെ സെറ്റില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. ഇത് വിനായകനും കുറച്ച് ആളുകളും തമ്മിലുള്ള പ്രശ്‌നമാണെന്ന് കരുതിയോ? ഇത് രണ്ട് സിസ്റ്റങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്”,  വിനായകന്‍ പറഞ്ഞു.


അതേസമയം, യുവതിയുടെ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരായ വിനായകന്‍റെ അറസ്റ്റ്‌ രേഖപ്പെടുത്തി, ഉടന്‍ തന്നെ ജാമ്യവും അനുവദിച്ചു. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരാവുകയാണ് ഉണ്ടായത്.    


ഫോണിലൂടെ മോശമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു.


കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിനായകനെ വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റ് നല്‍കിയ പരാതി.