തിരുവനന്തപുരം: ടെലിവിഷൻ ഷോകൾ കണ്ട് ഒരു വ്യക്തിക്ക് കൂടുതൽ ഭാഷകൾ പഠിക്കാൻ സാധിക്കുമോ അതൽപ്പം പാടുള്ള കാര്യം തന്നെയാണ് അല്ലേ? എന്നാൽ അങ്ങനെ ഒരാളുണ്ട് തിരുവനന്തപുരത്ത്.  പേര് ഷാനവാസ് ബഷീർ. മണക്കാട് പരുത്തിക്കുഴി സ്വദേശി.  തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ ഓട്ടോ ഡ്രൈവറാണ് കക്ഷി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാനവാസിന് 12 ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനാകും. കക്ഷി പത്താം ക്ലാസ് പോലും പാസ്സായിട്ടില്ല എന്നതാണ് സത്യം. കെ.എല്‍.01.ബി.ടി 1449 എന്ന ഓട്ടോയുമായി തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ രാജകീയ വിഥികളിൽ പായുന്ന ഷാനവാസ് തലസ്ഥാനത്തിൻറെ തന്നെ വ്യത്യസ്ത കാഴ്ചയാണ്. രാവിലെ 7 മുതൽ രാത്രി 7 വരെ ഷാനവാസ് തൻറെ കർമ്മപഥത്തിൽ സജീവമാണ്. 


12 ഭാഷകൾ സംസാരിക്കാൻ അറിയാം എന്നാണ് ഷാനവാസിൻറെ ഓട്ടോയിൽ എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ഉറുദു, മറാത്തി, ഗുജറാത്തി, അറബി, കൊങ്കിണി, ഫിലിപ്പൈന്‍സ്, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളാണ് ഇവ. തലസ്ഥാനത്തെത്തുന്ന വിദേശികളും ഷാനവാസിൻറെ ഓട്ടോയ്ക്ക് കൈകാണിച്ചാൽ ഹാപ്പിയാണ്. തലസ്ഥാനത്തിൻറെ പ്രത്യേകതകൾ പറഞ്ഞ്, വിശേഷങ്ങൾ പങ്കുവച്ച്, വിസ്മയകരമായ യാത്രയും ലഭിക്കും.


സവാരിയില്ലാത്ത വേളകളിൽ ഓട്ടോ ഡ്രൈവർമാർക്കൊപ്പം സ്റ്റാൻഡിലുണ്ടെങ്കിൽ മറ്റു ഭാഷകൾ സംസാരിക്കുന്ന ഏതൊരു വ്യക്തി അവിടെ എത്തിയാലും അദ്ദേഹത്തിന് വേണ്ട സംശയങ്ങൾ അതാതു ഭാഷയിൽ തന്നെ ദൂരീകരിച്ച് നൽകുകയും ചെയ്യും ഈ ഓട്ടോ ഡ്രൈവർ. 



ഷാനവാസ് മറ്റ് ഓട്ടോ ഡ്രൈവർമാർക്ക് പോലും അത്ഭുതമാണ്. മറ്റൊരു അമ്പരപ്പെടുത്തുന്ന കാര്യം, ഇദ്ദേഹം പത്താം ക്ലാസ് പോലും പാസ്സായിട്ടില്ല എന്നുള്ളതാണ്. പത്താം ക്ലാസ് പോലും പാസ്സാകാത്ത ഷാനവാസിന് 12 ഭാഷകൾ പുഷ്പം പോലെ സംസാരിക്കാനാകും എന്നുള്ളതാണ് ഇതിലെ വ്യത്യസ്ത.


58 കാരനായ ഷാനവാസ് ജനിച്ചതും വളർന്നതും മുംബൈയിലാണ്. ഷാനവാസിൻ്റെ പിതാവ് മുഹമ്മദ് ബഷീറിന് മുംബൈയിൽ ടയർ ബിസ്സിനസ്സായിരുന്നു. പതിനാറാം വയസ്സിലാണ് ഷാനവാസ് പ്രവാസലോകത്തേക്ക് യാത്ര തിരിക്കുന്നത്. നീണ്ട 27 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാല് വര്‍ഷം മുമ്പാണ് ഷാനവാസ് നാട്ടിലെത്തിയത്. പിന്നീട് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായി. സമയം കിട്ടുമ്പോഴെല്ലാം ഓട്ടോയുമായി സവാരിക്കുമിറങ്ങി.


കൊവിഡ് പ്രതിസന്ധി വന്നതോടെ ടൂറിസ്റ്റ് ടാക്സിക്ക് ലഭിച്ചിരുന്ന ഓട്ടങ്ങളെല്ലാം പൂർണ്ണമായി നിലച്ചു. വലിയ പ്രതിസന്ധിയാണ് ടൂറിസ്റ്റ് മേഖലയിൽ കൊവിഡ് തീർത്തത്.ഷാനവാസും ഇതിൻ്റെ ഇരയായിരുന്നു. എന്നാൽ, വാഹനത്തോടും ഡ്രൈവിങ്ങിനോടുമുള്ള സ്നേഹവും ഇഷ്ടവും ഇദ്ദേഹം ഉപേക്ഷിച്ചില്ല. പിന്നീട് മുഴുവൻ സമയ ഓട്ടോ ഡ്രൈവറായി തലസ്ഥാനത്തെ നിരത്തുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. 


12 ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നത് അത്ര നിസ്സാര കാര്യമല്ലെന്ന് സഹഓട്ടോ ഡ്രൈവർമാരും പറയുന്നു. യാത്രക്കാർക്കുപരി സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവനാണ് ഇദ്ദേഹം. തന്റെ വാഹനത്തില്‍ കയറുന്നവര്‍ പിന്നീടൊരിക്കലും തന്നെ മറക്കില്ലെന്ന് ഷാനവാസ് പറയുന്നു. ഏത് ദേശത്തു നിന്നു വന്ന യാത്രക്കാരനും തങ്ങളുടേതായ ഭാഷയിൽ അവരോട് തിരിച്ചു സംസാരിക്കുമ്പോൾ ലഭിക്കുന്ന  സ്നേഹവും വാത്സല്യവുമാണ് തൻ്റെ ഓട്ടോ ജീവിതത്തിൽ ലഭിക്കുന്ന സമ്പാദ്യമെന്നാണ് ഷാനവാസ് കരുതുന്നത്. 


തങ്ങളുടെ അടുത്തേക്ക് വരുന്ന ഏതൊരു വ്യക്തിയെയും സന്തോഷത്തോടെയും സ്നേഹത്തോടെയും സുരക്ഷിതമായും ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കുകയെന്ന കടമയും ഭാരിച്ച ഉത്തരവാദിത്വവും ഡ്രൈവർമാർക്ക് ഉണ്ടെന്ന് പറയുന്നുണ്ട് തലസ്ഥാന നഗരിയുടെ പ്രിയപ്പെട്ട ഷാനവാസ് ബഷീർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.