കാസർകോട്: കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭ ക്ഷേത്രത്തിലെ ബബിയ എന്ന മുതലയുടെ വിയോഗം ഭക്തജനങ്ങളെ ദുഖത്തിലാഴ്ത്തി. ലോകത്തിലെ തന്നെ ഒരേയൊരു സസ്യാഹാരിയായ മുതലയാണിതെന്ന് ഇവിടുത്തുകാർ പറയുന്നു. പൂജാരി ക്ഷേത്രത്തില്‍ നിവേദിക്കുന്ന നിവേദ്യച്ചോര്‍ വായില്‍വെച്ച് കൊടുക്കുമ്പോള്‍ പോലും ബബിയ കടിക്കാറില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കാസര്‍കോട് എപി രാജ്‌മോഹന്‍ ഉണ്ണിത്താനടക്കം നൂറ് കണക്കിന് ആളുകളാണ് ബബിയയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് അനന്തപത്മനാഭ ക്ഷേത്രത്തിലെത്തിയത്.77 വയസ്സ് പ്രായം കണക്കാക്കുന്ന മുതല ഇതുവരെയായി ഓരാളെപോലും ഉപദ്രവിച്ചിട്ടില്ലെന്നത് ഏവരേയും ആശ്ചര്യപ്പെടുത്തുന്നതാണ്. 


ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മുതലയുടെ മരണം. വിവരം അറിഞ്ഞത് മുതല്‍ നൂറ് കണക്കിന് ആളുകളാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഉച്ചയോടെ ക്ഷേത്ര മൈതാനത്തിന് സമീപം ബബിയയുടെ സംസ്‌കാരം ആചാര ബഹുമതികളോടെ നടത്തി. 


തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. ബബിയ എന്ന മുതല അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് കൗതുക കാഴ്ചയായിരുന്നു. നിരുപദ്രവകാരിയായ മുതല ഇടയ്ക്കിടെ തടാകത്തിന്റെ തെക്കുമാറിയുള്ള മാളത്തിലേക്ക് കയറിപോകാറുണ്ട്. എല്ലാ സമയത്തും ഭക്തര്‍ക്ക് മുതലയെ കാണാന്‍ കഴിയാറില്ല. എന്നാല്‍ പൂജാരി വിളിച്ചാല്‍ ഏതുസമയത്തും വിളികേട്ട് നിവേദ്യ ചോറിനായി ബബിയ എത്താറുണ്ട്. ഒരിക്കല്‍ ബബിയ ശ്രീകോവിലിനു മുന്നില്‍ 'ദര്‍ശനം' നടത്തിയത് ക്ഷേത്ര പൂജാരി മൊബൈലില്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചാരമാണ് ഉണ്ടാക്കിയത്. 


ക്ഷേത്രത്തില്‍ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമായിരുന്നു മുഖ്യ ഭക്ഷണം. ക്ഷേത്ര കുളത്തിലേക്ക് മുതല എങ്ങനെയാണ് വന്നതെന്നും ആരാണ് ഇതിന് പേര് നല്‍കിയതെന്നും ഇപ്പോഴും ഒരു രഹസ്യമായി തന്നെ നില്‍ക്കുകയാണ്. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിടീഷ് സൈനികന്‍ വെടിവച്ചുകൊന്നതായും എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.


77 വയസ്സിലേറെയാണ് ബബിയയ്ക്ക് കണക്കാക്കുന്ന പ്രായം. ഇതുവരെ വന്യമായ പെരുമാറ്റം മുതലയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് പൂജാരിയും നാട്ടുകാരം ഭക്തജനങ്ങളും പറയുന്നത്. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മത്സ്യങ്ങളെ പോലും ബബിയ ഉപദ്രവിക്കാറില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. 


2019ല്‍ ബബിയ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം നടന്നിരുന്നെങ്കിലും അത് ശരിയല്ലയെന്ന് പൂജാരിയും ക്ഷേത്ര കമിറ്റിയും അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ വീണ്ടും മുതല ചത്തതായി പ്രചരണം ഉണ്ടായപ്പോള്‍ വ്യാജ പ്രചരണമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വാര്‍ത്ത ശരിയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതോടെ ബബിയ സ്‌നേഹിക്കുന്നവര്‍ ദുഖത്തിലായി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.