അമ്മ മുങ്ങി താഴുന്നു, മകളും കൂട്ടുകാരിയും വെള്ളത്തിലേക്ക് എടുത്തു ചാടി; തിരുവാർപ്പിലെ സൂപ്പർ ഹീറോസ് ഇനി ഇവരാണ്
സാദിയ കാലിൽ പിടിച്ചു കൃഷ്ണനന്ദ മുടിയിൽ പിടിച്ചുവലിച്ചു അമ്മ സേഫ്, മുങ്ങിത്താഴ്ന്ന സെറീനക്ക് ആശ്വാസം
കോട്ടയം: കാൽ വഴുതി പുഴയിൽ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അഞ്ചാം ക്ലാസുകാരിയായ മകളും കൂട്ടുകാരിയും. കോട്ടയം തിരുവാർപ്പ് കാഞ്ഞിരം ബോട്ടുജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. സെറീന എന്ന വീട്ടമ്മയാണ് പുഴയിൽ വീണത്. നീന്തൽ വശമില്ലാത്ത സെറീനയെ മകൾ സാദിയ ഫാത്തിമയും കൂട്ടുകാരി കൃഷ്ണനന്ദയും ചേർന്നാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ സെറീന തുണി കഴുകുന്നതിനിടെയാണ് അപകടം. നീന്തൽ വശമില്ലാത്ത സെറീന വെള്ളത്തിലേക്ക് മുങ്ങിത്താഴുന്നതു കണ്ട്, കളിച്ചുകൊണ്ടിരുന്ന മകൾ സാദിയയും കൃഷ്ണനന്ദയും ഓടിയെത്തി. രണ്ടാമതൊന്നാലോചിക്കാതെ ഇരുവരും വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
ALSO READ: മിത്തുകളെ ചരിത്രത്തിന്‍റെ ഭാഗമാക്കരുത്; ഷംസീറിനെ പിന്തുണച്ച് എം.വി ഗോവിന്ദൻ
അടിയൊഴുക്കുള്ളതിനാൽ മുങ്ങിത്താഴ്ന്ന സെറീനയുടെ കാലിലാണ് സാദിയയ്ക്ക് പിടിത്തം കിട്ടിയത്. സാദിയ കാലിൽ പിടിച്ചുയർത്തിയതോടെ കൃഷ്ണനന്ദ മുടിയിൽ പിടിച്ചുവലിച്ച് സമീപത്തുകണ്ട വള്ളത്തിനരികിലേക്ക് അടുപ്പിക്കുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയൽവാസിയായ ജിത്തു എന്ന യുവാവാണ് വീട്ടമ്മയെ കരക്കെത്തിച്ചത്. കുട്ടികളുടെ സമയോചിതമായ ഇടപെടലും ധൈര്യവുമാണ് വീട്ടമ്മയുടെ ജീവനു തുണയായത്. രക്ഷാപ്രവർത്തനത്തിലൂടെ മാതൃകയായ പത്തു വയസ്സുകാരികളെ പ്രശംസിച്ച് നിരവധി പേരെത്തി. സാദിയ ഫാത്തിമ കാഞ്ഞിരം എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥിനിയും കൃഷ്ണനന്ദ കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാർത്ഥിനിയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...