ആരുടെയും മനസ്സലിയിക്കുന്നതായിരുന്നു ആ കാഴ്ച. ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ സമപ്രായക്കാരായ കുട്ടികൾ നൃത്തം ചെയ്യുന്നത് വേദിക്ക് പിന്നിൽനിന്ന് ആസ്വദിക്കുന്ന നാടോടി പെൺകുട്ടിയുടെ വീഡിയോ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഡിറ്റോറിയത്തിന് പിന്നിലെ കൈവരിയിൽ പിടിച്ചുനിന്ന് നർത്തകിമാരെ കൊതിയോടെ നോക്കിനിൽക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. ഇതോടെ കുട്ടിയെ കണ്ടെത്താൻ വിവിധ കോണുകളിൽനിന്നായി അന്വേഷണം നടന്നിരുന്നു.രാജസ്ഥാനിലെ സമയ്-പിങ്കി ദമ്പതിമാരുടെ മകൾ ഹാർത്തി (12)യാണ് ആ കുട്ടി.


രണ്ടു ദിവസമായി കുട്ടിയെ ഗുരുവായൂരിലെ പലരും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അവർ നാട്ടിലേക്ക് മടങ്ങിയെന്ന വിവരമാണ് ലഭിച്ചത്. കുറച്ചു ദിവസം കഴിഞ്ഞാൽ ഗുരുവായൂരിലേക്ക് തിരിച്ചെത്തുമെന്ന് അവരുമായി ബന്ധപ്പെട്ട മറ്റൊരു നാടോടി കുടുംബം പറയുന്നു. കിഴക്കേ നടയിൽ ഇളനീർ കച്ചവടം ചെയ്യുന്ന വേണുഗോപാലാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ കുട്ടിയെ കാണിച്ചത്. വേണുഗോപാലന് നന്നായി ഹിന്ദി സംസാരിക്കാനറിയാം.


തന്റെ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടതെന്ന് കുട്ടിയെ അറിയിച്ചു. അവളുടെ മുഖത്ത് നല്ലൊരു ചിരി വിടർന്നെങ്കിലും ഉള്ളിലൊരു പകപ്പുണ്ടായത്രേ. വിവരമറിഞ്ഞപ്പോൾ മാതാപിതാക്കൾക്കും ചെറിയൊരു ഭയമുണ്ടായി. ശബരിമല സീസണിൽ ഗുരുവായൂരിൽ മാല, റിബൺ, മുടിയിൽ ചൂടാനുള്ള ബണ്ണുകൾ തുടങ്ങിയവ വിൽക്കുന്നവരാണിവർ. ബണ്ണുമായി ക്ഷേത്രനടയിലെത്തിയപ്പോഴാണ് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നൃത്ത അരങ്ങേറ്റം കണ്ടത്. മുഷിഞ്ഞ വേഷമായതിനാൽ ഹാർത്തിക്ക്, മുന്നിലെ സദസ്സിൽ കയറിയിരിക്കാനുള്ള ധൈര്യമുണ്ടായില്ല.


നൃത്ത അരങ്ങേറ്റത്തിനുവന്നവരിൽ ആരോ ആണ് ദൃശ്യം മനോഹരമായി പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. രാജസ്ഥാനിൽനിന്ന് തിരിച്ചെത്തുമ്പോൾ അവൾക്കു നൽകാനുള്ള സ്‌നേഹസമ്മാനങ്ങളുമായി കാത്തിരിക്കുകയാണ് ഗുരൂവായൂരിലെ സുമനസ്സുകൾ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.